AUTO
അംബാസഡർ എൻജിനും, തീ തുപ്പുന്ന എക്സോസ്റ്റും: ചേർത്തലയിൽ ഒരുക്കിയ റാറ്റ് റോഡ് വിപ്ലവം!

സാധാരണ വാഹനങ്ങളെ വ്യത്യസ്തമാക്കുന്നത് മോഡിഫിക്കേഷനുകളാണെങ്കിൽ, വാഹനങ്ങളെത്തന്നെ മാറ്റിമറിക്കുന്നതാണ് കസ്റ്റം ബിൽഡുകളിലൂടെ. ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ സുഡൂഡ് കസ്റ്റംസ് എന്ന കസ്റ്റമൈസേഷൻ ഗരാജിന്റെ ഏറ്റവും പുതിയ സൃഷ്ടിയാണ് രാകേഷ് ബാബു എന്ന യുവാവ് സ്വയം നിർമ്മിച്ച റാറ്റ് റോഡ്.അംബാസഡർ എൻജിനാണ് ഹൃദയംറാറ്റ് റോഡിന്റെ കരുത്ത് പകരുന്നത് ബി.എം.സി അംബാസഡർ എൻജിനാണ്. സാധാരണ വാഹനങ്ങളിലെ പോലെ ബോണറ്റിനുള്ളിൽ മറച്ചുവയ്ക്കാതെ എൻജിൻ തുറന്നു കാണുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിലൂടെ വാഹനത്തിന്റെ മെക്കാനിക്കൽ ഭംഗി പൂർണ്ണമായും ആസ്വദിക്കാൻ സാധിക്കും. ഉപയോഗശൂന്യമായ അംബാസഡർ വാങ്ങി അതിൽ നിന്നുള്ള എൻജിനാണ് റാറ്റ് റോഡിൽ ഉപയോഗിച്ചിരിക്കുന്നത്. റാറ്റ് റോഡിന്റെ ഷാസി നിർമ്മിച്ചിരിക്കുന്നത് ജി.ഐ സ്ക്വയർ പൈപ്പ് ഉപയോഗിച്ചാണ്. ബോഡിയുടെ നിർമ്മാണത്തിന് കൂടുതലും ജി.ഐ തകിടാണ് ഉപയോഗിച്ചിരിക്കുന്നത്. സുഡൂസ് കസ്റ്റം എന്ന സ്വന്തം വർക്ക്ഷോപ്പിലാണ് രാകേഷ് ഈ വാഹനത്തിന്റെ എല്ലാ ഭാഗങ്ങളും നിർമ്മിച്ചിരിക്കുന്നത്. വാഹനത്തിൽ ഏറ്റവും അത്ഭുതപ്പെടുത്തുന്ന ഭാഗമാണ് പാമ്പിന്റെ ആകൃതിയിൽ നിർമ്മിച്ചിട്ടുള്ള എയർ ഇൻടേക്ക് സംവിധാനം. ഒപ്പം ചങ്ങലകൾ വെൽഡ് ചെയ്തുണ്ടാക്കിയ സ്റ്റിയറിങ്ങും ഗ്രനേഡിന്റെ മാതൃകയിലുള്ള ഗിയർ ലിവറും ആദ്യ കാഴ്ചയിൽ തന്നെ ഭീതി പടർത്തുന്നു. വാഹനത്തിന്റെ മുൻവശത്തെ ഹെഡ് ലാമ്പുകൾ ആർ.എക്സ് 100 ബൈക്കിന്റെ ഹെഡ് ലാമ്പുകൾ മോഡിഫൈ ചെയ്താണ് ഉപയോഗിച്ചിട്ടുള്ളത്. ഒപ്പം മുകളിലൂടെ തീ തുപ്പാനായി രണ്ട് എക്സോസ്റ്റുകൾ പ്രത്യേകമായി നിർമിച്ച് അതിൽ എൽ.പി.ജി കണക്ഷൻ വഴി ഫേയിമും നൽകിയിട്ടുണ്ട്.റോഡിനല്ല, പ്രദർശനത്തിനായിഈ വാഹനം റോഡ് ലീഗൽ അല്ല. രജിസ്റ്റർ ചെയ്ത് പൊതുനിരത്തുകളിൽ ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ വാഹന പ്രദർശനങ്ങൾ, കോളേജ് ഇവന്റുകൾ, ഓട്ടോമൊബൈൽ ഷോകൾ എന്നിവ ലക്ഷ്യമിട്ടാണ് രാകേഷ് ഈ റാറ്റ് റോഡ് ഒരുക്കിയിരിക്കുന്നത്. വാഹനത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളും കൈകൊണ്ട് നിർമ്മിച്ചതാണ്. നൂറുകണക്കിന് മണിക്കൂറുകളുടെ അധ്വാനവും പരീക്ഷണങ്ങളും ചേർന്ന ഇന്ത്യയിലെ ഫസ്റ്റ് ഹാൻഡ്മെയ്ഡ് റാറ്റ് റോഡാണെന്നാണ് രാകേഷ് അവകാശപ്പെടുന്നത്.
Source link


