test del 4 copy of del 3
യന്ത്രവൽകൃത ഉരുക്കൾക്കുള്ള നിയന്ത്രണം 15ന് തുടങ്ങും; 4 മാസം ലക്ഷദ്വീപിലേക്ക് ഉരുക്കളിൽ ചരക്കുനീക്കം ഉണ്ടാകില്ല

ബേപ്പൂർ ∙ തുറമുഖത്തു നിന്നു സർവീസ് നടത്തുന്ന യന്ത്രവൽകൃത ഉരുക്കൾക്കുള്ള മൺസൂൺകാല കടൽ യാത്രാ നിയന്ത്രണം 15ന് തുടങ്ങും. സെപ്റ്റംബർ 15 വരെയുള്ള 4 മാസം ലക്ഷദ്വീപിലേക്ക് ഉരുക്കളിൽ ചരക്കുനീക്കം ഉണ്ടാകില്ല. ഇതോടെ തുറമുഖത്തിന്റെ പ്രവർത്തനം ഭാഗികമായി ചുരുങ്ങും. ദ്വീപിലേക്ക് ചരക്കു കയറ്റിയ എംഎസ്വി ബിസ്മി, ജയഗണേഷ്, ദീപദർശൻ എന്നീ 3 ഉരുക്കൾ മാത്രമാണ് ബേപ്പൂരിലുള്ളത്.മർക്കന്റൈൽ മറൈൻ വകുപ്പ് ചട്ടപ്രകാരം വരുന്ന മേയ് 15 മുതൽ സെപ്റ്റംബർ 15 വരെ ചെറുകിട തുറമുഖങ്ങളിൽ ജല യാനങ്ങൾക്ക് യാത്രാ നിയന്ത്രണമാണ്. ഇക്കാലയളവിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു കീഴിലെ കപ്പലുകളിൽ മാത്രമേ തുറമുഖത്തു നിന്നു ചരക്കു നീക്കമുണ്ടാകൂ. മൺസൂണിൽ സാഗർ സാമ്രാജ്, സാഗർ യുവരാജ്, ഗംഗ, തിന്നക്കര, ലക്കദ്വീവ്സ് എന്നീ ചരക്കു കപ്പലുകളിലാണ് ദ്വീപിലേക്കു വേണ്ട അവശ്യവസ്തുക്കളും ഇന്ധനവും മറ്റു നിർമാണസാമഗ്രികളും എത്തിക്കുക.അവസാന ദിവസങ്ങളിൽ എത്തുന്ന ഉരുക്കൾ ചാലിയാറിലെ സുരക്ഷിത സ്ഥലത്തു നങ്കൂരമിട്ടു തമിഴ്നാട് കടലൂർ സ്വദേശികളായ തൊഴിലാളികൾ നാട്ടിലേക്കു പോകും. നിയന്ത്രണം മൂലം ഉരു മാർഗമുള്ള ചരക്കുനീക്കം നിലയ്ക്കുന്നതോടെ തൊഴിൽ മാന്ദ്യം നേരിടുമെന്ന ആശങ്കയിലാണ് തുറമുഖത്തെ കയറ്റിറക്കു തൊഴിലാളികൾ.
Source link


