LATEST NEWS

പരാജയം ഒരാളുടെ മാത്രം തലയിലിടുന്ന നിലപാട് ശരിയല്ല: എം.സ്വരാജ്


മലപ്പുറം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഏക പൊളിറ്റ്ബ്യൂറോ അംഗമായതിനാലാണ് പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ്. തിരഞ്ഞെടുപ്പിലെ പരാജയം ഏതെങ്കിലും ഒരാളുടെ തലയിലിടുന്നത് ഇടതുപക്ഷ രീതിയല്ല. ജനാധിപത്യ വിരുദ്ധവുമാണത്. വിജയമുണ്ടാകുമ്പോഴെന്ന പോലെ പരാജയത്തിനും കൂട്ടായ നേതൃത്വമാണ് ഉത്തരവാദികൾ. ക്രിയാത്മക പ്രതിപക്ഷമായി എൽഡിഎഫ് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.പുതിയ സർക്കാരുകൾ അധികാരത്തിലേറുമ്പോൾ തന്നെ ജനങ്ങളുടെ ഇഷ്ടം നേടുന്ന തീരുമാനങ്ങളെടുക്കാറുണ്ട്. സർക്കാരിനെതിരെ തുടക്കത്തിലേ തന്നെ ശാപവാക്കുകൾ പറഞ്ഞ് സ്വാഗതം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. ജനാധിപത്യത്തെ ആദരിക്കുന്നതിനാലാണ് സത്യപ്രതിജ്ഞയിൽ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും പങ്കെടുത്തത്. എന്നാൽ 2021ലെ തിരഞ്ഞെടുപ്പ് വിജയത്തെ അന്നത്തെ പ്രതിപക്ഷം സ്വീകരിച്ചതെങ്ങനെയെന്ന് ജനം കണ്ടതാണ്. എൽഡിഎഫ് അത്തരത്തിലാകില്ല. എല്ലാറ്റിനെയും എതിർക്കുന്ന സമീപനമായിരിക്കില്ല. ക്രിയാത്മക പ്രതിപക്ഷമാകും. ആദ്യ മന്ത്രിസഭാ യോഗത്തിനു ശേഷം പ്രഖ്യാപിച്ച പദ്ധതികളോടും എതിർപ്പുയർന്നിട്ടുണ്ടെങ്കിലും അതിൽ ഇപ്പോൾ പ്രതികരിക്കാനില്ല. അതേസമയം വിമർശനങ്ങൾ വേണ്ട സമയത്ത് അതുണ്ടാകുമെന്നും കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.


Source link

Back to top button