test del 2
‘തികച്ചും അസ്വീകാര്യം’; ഇറാന്റെ മറുപടി ‘വായിച്ച’ ശേഷം ട്രംപ്, നെതന്യാഹുവുമായി ചർച്ച

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരാൻ യു.എസ്. മുന്നോട്ടുവെച്ച ഏറ്റവും പുതിയ നിർദേശങ്ങളോടുള്ള ഇറാന്റെ മറുപടി തികച്ചും അസ്വീകാര്യമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ പ്രതികരണം വായിച്ചെന്നും അത് തനിക്കിഷ്ടപ്പെട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം.യുഎസ് മുന്നോട്ടുവെച്ച നിർദേശങ്ങൾക്ക് ചർച്ചകളിൽ മധ്യസ്ഥരായ പാകിസ്താൻ വഴിയാണ് ഇറാൻ മറുപടി നൽകിയത്. ‘ഇറാന്റെ പ്രതിനിധികൾ എന്ന് വിളിക്കപ്പെടുന്നവരുടെ പ്രതികരണം വായിച്ചു. എനിക്ക് അത് ഇഷ്ടപ്പെട്ടില്ല-തികച്ചും അസ്വീകാര്യമാണ്’ ട്രംപ് കുറിച്ചു. ഇറാന്റെ മറുപടിയിലെ വിശദാംശങ്ങൾ ട്രംപ് വെളിപ്പെടുത്തിയിട്ടില്ല. ഇറാന്റെ പ്രതികരണം ലഭിച്ചതിന് പിന്നാലെ ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഫോണിൽ ചർച്ച നടത്തി. ഇറാനിലെ സമ്പുഷ്ടീകരിച്ച യുറേനിയം എടുത്ത് മാറ്റാതെ യുദ്ധം അവസാനിക്കില്ലെന്ന് ഇതിന് മുമ്പായി നെതന്യാഹു പറഞ്ഞിരുന്നു. യുറേനിയം സമ്പുഷ്ടീകരണകേന്ദ്രങ്ങൾ ഇനിയും തകർക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ അഭിപ്രായംതന്നെയാണ് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുമുള്ളതെന്ന് നെതന്യാഹു അവകാശപ്പെട്ടു.എന്നാൽ യുറേനിയം നീക്കം ചെയ്യുന്നതടക്കമുള്ള യുഎസ് നിർദേശങ്ങൾ ഇറാൻ തള്ളിയതായാണ് വിവരം. നാവിക ഉപരോധം നീക്കണമെന്നും മരവിപ്പിച്ച ആസ്തികൾ 30 ദിവസത്തിനുള്ളിൽ വിട്ടുനൽകണമെന്നും ഇറാന്റെ മറുപടിയിൽ ഉണ്ടെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഇറാന്റെ മറുപടി തികച്ചും അസ്വീകാര്യമാണെന്ന് ട്രംപ് വ്യക്തമാക്കിയ സ്ഥിതിക്ക് വെടിനിർത്തൽ അവസാനിപ്പിക്കുമോ എന്നത് സംബന്ധിച്ച് ആശങ്ക ഉയർത്തുന്നുണ്ട്. ട്രൂത്ത് സോഷ്യലിലെ മറ്റൊരു പോസ്റ്റിൽ ട്രംപ് ഇറാന് നേരെ ഭീഷണി മുഴക്കിയിട്ടുണ്ട്. 47 വർഷമായി ഇറാൻ കളിയാക്കുകയാണെന്ന് പറഞ്ഞ ട്രംപ് ഇനി അവർ ചിരിക്കില്ലെന്നും കുറിച്ചു.
Source link


