test del 3
താമരയ്ക്കു പുതുമയേകി മയൂരിയും പനിനീരും; അജിതയ്ക്ക് പുതുനേട്ടം: കേന്ദ്ര റജിസ്ട്രേഷൻ

കോഴഞ്ചേരി ∙ രാജ്യത്തിന്റെ ദേശീയപുഷ്പമായ താമരയുടെ പുതിയ ഇനങ്ങൾ വികസിപ്പിച്ചു തിരുവല്ല സ്വദേശിനി കെവി.അജിത. ഇവർ വികസിപ്പിച്ച ഇനങ്ങളായ മയൂരി, പനിനീർ എന്നിവയ്ക്കു ഭാരത സർക്കാരിന്റെ സസ്യ ഇന സംരക്ഷണ– കർഷക അവകാശ അതോറിറ്റിയുടെ റജിസ്ട്രേഷൻ ലഭിച്ചു. പുതിയ സസ്യ ഇനങ്ങൾ വികസിപ്പിക്കുന്ന ശാസ്ത്രജ്ഞർക്കും സ്ഥാപനങ്ങൾക്കും കർഷകർക്കും അവകാശ സംരക്ഷണം നൽകുന്നതിനോടൊപ്പം കർഷകരുടെ പരമ്പരാഗത അവകാശങ്ങളും സംരക്ഷിക്കുന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.ബെംഗളൂരു ഐസിഎആർ- അഗ്രികൾചർ ടെക്നോളജി ആപ്ലിക്കേഷൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. വി. വെങ്കിടസുബ്രമണിയന്റെ നേതൃത്വത്തിലാണ് അതോറിറ്റിക്കു ശുപാർശകൾ സമർപ്പിച്ചത്. നെലുംബോ നുസിഫെറ എന്നതാണു താമരയുടെ ശാസ്ത്രീയനാമം. ചെളിയിൽ വളർന്ന് അതിനു മുകളിലേക്കു പൂക്കുന്ന താമര, ശുദ്ധിയുടെയും ആത്മീയ ഉന്നമനത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു.7 വർഷമായി വീടിന്റെ മട്ടുപ്പാവിൽ അജിത താമര കൃഷി ചെയ്യുന്നുണ്ട്. കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സാങ്കേതിക പിന്തുണയോടെ ഈ ഇനങ്ങൾക്കു ലഭിച്ച അംഗീകാരം, അലങ്കാര കൃഷിയിൽ പുതിയ സാധ്യതകൾ തുറക്കുന്നതിനൊപ്പം കർഷകർക്ക് അധിക വരുമാന മാർഗങ്ങളും സൃഷ്ടിക്കുമെന്ന് ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം സീനിയർ സയന്റിസ്റ്റും മേധാവിയുമായ ഡോ. സി.പി. റോബർട്ട് അറിയിച്ചു.
Source link


