തെരുവ് പോര് വേണ്ട; മുഖ്യമന്ത്രി ഉടൻ സോണിയ ഇടപെടും

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന സമവായ ചർച്ചയിൽ കേരള നേതാക്കൾക്ക് രാഹുൽഗാന്ധിയുടെ കടുത്ത ശാസന. മൂന്നു മണിക്കൂർ നീണ്ട ചർച്ചയിലും സമവായത്തിലെത്താൻ കഴിഞ്ഞില്ല.ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന നിലപാടിലേക്ക് മൂന്നു നേതാക്കളും എത്തി.കഴിവതും വേഗം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം. ഇനിയൊരു ചർച്ച ഉണ്ടാവില്ല. സോണിയാ ഗാന്ധിയുടെ അഭിപ്രായം കൂടി അറിഞ്ഞശേഷമാകും രാഹുൽ അവസാന തീരുമാനമെടുക്കുക.മുഖ്യമന്ത്രിസ്ഥാനം അവകാശപ്പെടുന്ന വി.ഡി.സതീശനോടും കെ.സി.വേണുഗോപാലിനോടും രമേശ് ചെന്നിത്തലയോടും തെരുവിലെ ചേരിതിരിഞ്ഞുള്ള പോരാട്ടം ഉടനടി അവസാനിപ്പിക്കണമെന്ന് കർശന നിർദേശം നൽകി. അതിനുശേഷമേ മുഖ്യമന്ത്രി പ്രഖ്യാപനം നടത്തൂവെന്ന് രാഹുൽ ഉറച്ച നിലപാടെടുത്തു. പാർട്ടിയിൽ ചേരിതിരിവ് ഇല്ലെന്നും ജനഹിതം മാനിക്കുമെന്നും മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഒരുമിച്ച് നിന്ന് പ്രഖ്യാപിക്കാനും നിർദേശം നൽകി.ഇതേ തുടർന്ന് പുറത്തേക്ക് വന്ന മൂന്നു നേതാക്കളും കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫും ഫ്ളക്സ് യുദ്ധവും പ്രകടനങ്ങളും നിർത്താൻ ആഹ്വാനം ചെയ്തു. എല്ലാ ഫ്ളെക്സ് ബോർഡുകളും രാത്രി തന്നെ നീക്കം ചെയ്യണമെന്നും ഒരു സ്ഥലത്തും പ്രകടനം പാടില്ലെന്നും വി.ഡി. സതീശൻ പ്രവർത്തകരോട് ആവശ്യപ്പെട്ടു. മൂന്നുപേരും വിഷണ്ണരായാണ് മാദ്ധ്യമങ്ങളെ അഭിമുഖീകരിച്ചത്. പല നിർദേശങ്ങളും ചർച്ച ചെയ്തെങ്കിലുംആർക്കും അനുകൂലമായ നിലപാട് രാഹുൽഗാന്ധി പ്രകടിപ്പിച്ചില്ലെന്നാണ് സൂചന.
Source link


