ഇ.ഡി കേസിൽ പഞ്ചാബിലെ ആം ആദ്മി മന്ത്രി അറസ്റ്റിൽ

സഞ്ജീവ് അറോറയുടെ അറസ്റ്റ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ
നീക്കം ആറ് ഇടങ്ങളിലെ റെയ്ഡിനുപിന്നാലെ
പ്രതികാര നടപടിയെന്ന് ആം ആദ്മി പാർട്ടി
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വർഷം
ന്യൂഡൽഹി: നൂറ് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പഞ്ചാബിലെ വൈദ്യുതി-വ്യവസായ വകുപ്പു മന്ത്രി സഞ്ജീവ് അറോറയെ ഇ.ഡി അറസ്റ്റ് ചെയ്തു. ചണ്ഡിഗറിലെ ഔദ്യോഗിക വസതിയിലും, ഗുരുഗ്രാം, ഡൽഹി എന്നിവിടങ്ങളിലെ ഓഫീസുകളിലും ഉൾപ്പെടെ ആറ് കേന്ദ്രങ്ങളിലെ റെയ്ഡിനുപിന്നാലെയാണ് നടപടി. അടുത്ത വർഷം ആദ്യം നിയമസഭാ തിരഞ്ഞടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിൽ ആംആദ്മി പാർട്ടിക്ക് തിരിച്ചടിയാണ് അറസ്റ്റ്. ഭഗവന്ത് സിംഗ് മൻ മന്ത്രിസഭയിലെ കരുത്തനാണ് സഞ്ജീവ് അറോറ. ലുധിയാന വെസ്റ്റിൽ നിന്നുള്ള എം.എൽ.എയും മുൻ രാജ്യസഭാംഗവുമാണ് 62 കാരനായ സഞ്ജീവ്. അറസ്റ്റിനെ ഭഗവന്ത് മൻ, ആംആദ്മി പാർട്ടി ദേശീയ കൺവിനർ അരവിന്ദ് കേജ്രിവാൾ തുടങ്ങിയവർ രൂക്ഷമായി വിമർശിച്ചു. കഴിഞ്ഞമാസം സമാനമായ റെയ്ഡുകൾ നടന്നതിന് തൊട്ടുപിന്നാലെ രാജ്യസഭാ എം.പി അശോക് കുമാർ മിത്തൽ ആം ആദ്മി പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നത് രാഷ്ട്രീയ വിവാദമായിരുന്നു.
വ്യാജ
ബില്ലുകളുണ്ടാക്കി
സഞ്ജീവ് അറോറ തന്റെ പേരിലുള്ള കമ്പനി മുഖേന കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇ.ഡിയുടെ ആരോപണം. 100 കോടി രൂപയുടെ മൊബൈൽ ഫോണുകളുടെ കയറ്റുമതിക്കെന്ന പേരിൽ ഇല്ലാത്ത കമ്പനികളുടെ പേരിൽ വ്യാജ ബില്ലുകളുണ്ടാക്കി. അതിനു ശേഷം ദുബായിലുള്ള കമ്പനിയുമായി ചേർന്ന് കള്ളപ്പണം വെളുപ്പിച്ചെന്ന് ഇ.ഡി പറയുന്നു.
റെയ്ഡുകളുടെ ലക്ഷ്യം കള്ളപ്പണമോ നിയമവിരുദ്ധ രേഖകളോ കണ്ടെത്തുകയല്ല. നേതാക്കൾ ബി.ജെ.പിയിൽ ചേർന്നാൽ എല്ലാം ശരിയാക്കാമെന്ന സന്ദേശം നൽകുകയാണ്.
-ഭഗവത് സിംഗ് മൻ
പഞ്ചാബ് മുഖ്യമന്ത്രി
മോദി ജി, നാല് ഇ.ഡി റെയ്ഡുകൾ കൂടി നടത്തുക. നിങ്ങൾ അറസ്റ്റ് ചെയ്യുന്ന നേതാക്കൾ നാല് ദിവസത്തിനുള്ളിൽ പുറത്തുവന്നേക്കാം, പക്ഷേ അടുത്ത ഇരുപത് വർഷത്തേക്ക് ബി.ജെ.പിക്ക് പഞ്ചാബിൽ കാലുകുത്താനാകില്ല
-അരവിന്ദ് കേജ്രിവാൾ
ആം ആദ്മി
ദേശീയ കൺവീനർ
Source link


