test del 3
ജയന്റ് കില്ലർ റോളിൽ സുധീർഷാ പാലോട്; അരനൂറ്റാണ്ടായി ഇടതു കോട്ടയായ വാമനപുരത്ത് നേടിയത് അട്ടിമറിജയം

തിരുവനന്തപുരം ∙ സുധീർഷാ പാലോട് എന്ന പേര് ഈ നിയമസഭാ തിരഞ്ഞെടുപ്പുവരെ തിരുവനന്തപുരം ജില്ലയ്ക്കപ്പുറം പരിചിതമായിരുന്നില്ല. പക്ഷേ, ഫലം വന്നതോടെ അരനൂറ്റാണ്ടായി സിപിഎം കോട്ടയാക്കിയിരുന്ന വാമനപുരത്ത് അട്ടിമറിജയം നേടിയ സുധീർ ഈ തിരഞ്ഞെടുപ്പിലെ ജയന്റ് കില്ലർമാരിൽ ഒരാളായി കേരള രാഷ്ട്രീയത്തിൽ കയ്യൊപ്പു ചാർത്തി. തലസ്ഥാന ജില്ലയിൽ കോൺഗ്രസിന്റെ പുതു താരോദയം. 2021ൽ 10,242 വോട്ടിന് രണ്ടാംവട്ടം ജയിച്ച മണ്ഡലത്തിൽ സിപിഎമ്മിന്റെ കരുത്തനായ ഡി.കെ.മുരളി ഇത്തവണ ഇറങ്ങിയത് ഉറച്ച ഹാട്രിക് പ്രതീക്ഷയുമാണ്.കഴിഞ്ഞ 10 വർഷമായി തലസ്ഥാനത്ത് തെരുവിൽ നടത്തിയ പ്രതിഷേധങ്ങളിൽ സുധീർഷാ പൊലീസിൽ നിന്ന് ഏറ്റുവാങ്ങിയ തല്ലിന് കണക്കില്ല. 100 ദിവസത്തോളം ജയിൽവാസം അനുഭവിച്ചു. പ്രതിഷേധങ്ങളുടെ പേരിൽ നൂറ്റൻപതോളം കേസുകളിലും പ്രതിയായി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റെന്ന നിലയിൽ ഈ പ്രതിഷേധ പരിപാടികളുടെയെല്ലാം മുഖ്യ സംഘാടകനുമായിരുന്നു. ആ സമര വീര്യത്തിന് പാർട്ടി നൽകിയ ആദ്യ അംഗീകാരമായിരുന്നു കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കല്ലറ ഡിവിഷനിലെ സ്ഥാനാർഥിത്വം. ആറായിരത്തിലേറെ വോട്ടുകൾക്ക് അട്ടിമറി ജയം നേടിയതോടെയാണ് നിയമസഭയിലെ വാമനപുരം കോട്ട തകർക്കാനുള്ള ദൗത്യവും പാർട്ടി വിശ്വസിച്ച് ഏൽപിച്ചത്.‘മണ്ഡലത്തിലെ വികസന മുരടിപ്പും വന്യജീവി ശല്യം ഉൾപ്പെടെയുള്ള ജനകീയ പ്രശ്നങ്ങളുമാണ് മുഖ്യ പ്രചാരണ വിഷയമാക്കിയത്. താലൂക്ക് നിലവാരത്തിലുള്ള ഒരു ആശുപത്രിയോ സർക്കാർ കോളജോ തൊഴിൽ നൽകുന്ന സംരംഭമോ ഇവിടെയില്ല. റോഡ് പണി നടത്തുന്നതു മാത്രമായിരുന്നു ആകെ വികസനം. അതു ചൂണ്ടിക്കാട്ടിയത് വോട്ടർമാരെ സ്വാധീനിച്ചു. വർഗീയപരമായ പ്രചാരണത്തിന് പോലും എതിരാളികൾ മുതിർന്നു. പക്ഷേ അതിനെല്ലാം ചുട്ട മറുപടി നൽകിയാണ് മണ്ഡലത്തിലെ 9 പഞ്ചായത്തുകളും യുഡിഎഫിന് ലീഡ് സമ്മാനിച്ചത്.’– സുധീർ ചൂണ്ടിക്കാട്ടി.
Source link


