test del 2
‘അസാധ്യമായ സൈനിക നടപടി അല്ലെങ്കിൽ മോശം കരാർ’; ട്രംപിന് മുന്നിൽ വേറെ വഴികളില്ലെന്ന് ഇറാൻ

ടെഹ്‌റാൻ: ആഗോള സമ്പദ്വ്യവസ്ഥയെ പിടിച്ചുലച്ച യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ‘അസാധ്യമായ’ ഒരു സൈനിക നടപടിക്കോ അല്ലെങ്കിൽ ഇസ്ലാമിക് റിപ്പബ്ലിക്കുമായി ഒരു ‘മോശം കരാറിനോ’ തയ്യാറാകേണ്ടി വരുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC). അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധിയും സൈനിക പിരിമുറുക്കവും തുടരുന്ന സാഹചര്യത്തിലാണ് ഐആർജിസിയുടെ പുതിയ പ്രസ്താവന ഞായറാഴ്ച പുറത്തുവന്നത്.യുഎസിനോടുള്ള റഷ്യ, ചൈന, യൂറോപ്പ് എന്നിവരുടെ നിലപാടിലെ മാറ്റവും, നാവിക ഉപരോധം അവസാനിപ്പിക്കാൻ ഇറാൻ നൽകിയ ഒരു മാസത്തെ സമയപരിധിയും ചൂണ്ടിക്കാട്ടി യുഎസിന്റെ തീരുമാനങ്ങൾ എടുക്കാനുള്ള സാഹചര്യം ചുരുങ്ങിയതാണെന്ന് ഐആർജിസിയുടെ ഇന്റലിജൻസ് വിഭാഗം അറിയിച്ചു. സമാധാന ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ ഉപരോധങ്ങളും സൈനിക ഭീഷണികളും മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്.’ഇതിൽ മനസിലാക്കാൻ ഇത്രയേ ഉള്ളൂ; ഒന്നുകിൽ ഇറാനുനേരെ ഒരു സൈനിക നടപടി ആരംഭിക്കുക, അത് വിജയിക്കുക അസാധ്യമാണ്. അല്ലെങ്കിൽ ഇറാനുമായി യുഎസ് മോശം എന്നുകരുതുന്ന ഒരു കരാറിൽ ഒപ്പിടുക. ഇതിൽ ഒന്ന് ട്രംപിന് തിരഞ്ഞെടുക്കേണ്ടിവരും. തീരുമാനമെടുക്കാനുള്ള യുഎസിന്റെ സമയവും സാഹചര്യവും ചുരുങ്ങിയിരിക്കുന്നു.’ ഐആർജിസി എക്‌സിൽ കുറിച്ചു.സംഘർഷം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവെച്ച 14 നിർദ്ദേശങ്ങൾ അടങ്ങിയ പദ്ധതിയെക്കുറിച്ച് പരിശോധിക്കുമെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് ഐആർജിസിയുടെ ഈ പ്രസ്താവന. സൈനിക പിൻമാറ്റം, ഉപരോധങ്ങൾ നീക്കൽ തുടങ്ങിയ നിബന്ധനകൾ ട്രംപ് ഭരണകൂടം അംഗീകരിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. അതേസമയം, ഇറാനിൽ പുതിയ ആക്രമണങ്ങൾ നടത്താനുള്ള സാധ്യതയും ട്രംപ് സൂചിപ്പിച്ചിരുന്നു. ‘അവർ എന്തെങ്കിലും മോശമായി ചെയ്താൽ ആക്രമണത്തിന് സാധ്യതയുണ്ട്, തീർച്ചയായും അത് സംഭവിക്കാം.’ എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
Source link


