രാജ്യത്തെ ആദ്യ ഫെയ്ത്ത് ഇന്റലിജന്റ ഹോസ്‌പിറ്റാലിറ്റി ബ്രാൻഡായ ‘റേ ബൈ താമര’ അവതരിപ്പിച്ച് താമര ലെഷർ എക്‌സ്‌പീരിയൻസസ്

തിരുവനന്തപുരം: ആത്മീയ വിനോദസഞ്ചാര മേഖലയെ കൂടുതൽ അനുഭവസമ്പന്നവും ക്രമബദ്ധവുമാക്കാൻ ലക്ഷ്യമിട്ട് താമര ലെഷർ എക്സ്പീരിയൻസസ് രാജ്യത്തെ ആദ്യത്തെ ഫെയ്ത്ത് ഇന്റലിജന്റ ഹോസ്‌പിറ്റാലിറ്റി ബ്രാൻഡായ റേ ബൈ താമര (RAY by Tamara) അവതരിപ്പിച്ചു. തീർഥാടന യാത്രകളെ വെറും ലക്ഷ്യസ്ഥാന സന്ദർശനമെന്നതിലുപരി കൂടുതൽ അർഥവത്തായ ആത്മീയ അനുഭവമാക്കി മാറ്റുക എന്നതാണ് ബ്രാൻഡിന്റെ ലക്ഷ്യം. എല്ലാ വിധ മത വിശ്വാസത്തെയും ഉൾക്കൊണ്ട് കൊണ്ടാണ് ഈ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. ഇന്ത്യയിലെ വേഗത്തിൽ വളരുന്ന ആത്മീയ ടൂറിസം മേഖലയിലെ പ്രീമിയം ഹോസ്പിറ്റാലിറ്റി ആവശ്യകതയെ മുൻനിർത്തിയാണ് ഈ സംരംഭം.
ആദ്യഘട്ടത്തിൽ ഗുരുവായൂർ, കുംഭകോണം, വെളാങ്കണ്ണി, തിരുപ്പതി, പളനി, തിരുവണ്ണാമലൈ എന്നീ പ്രധാന തീർഥാടന കേന്ദ്രങ്ങളിലായി ബ്രാൻഡ് സാന്നിധ്യം ഉറപ്പാക്കും. ഗുരുവായൂർ, കുംഭകോണം പ്രോപ്പർട്ടികൾ ഈ വർഷം പ്രവർത്തനം ആരംഭിക്കുമ്പോൾ മറ്റ് കേന്ദ്രങ്ങൾ 2027ഓടെ തുറക്കും.
തീർഥാടകരുടെ ആവശ്യങ്ങളും വിശ്വാസപരമായ അനുഭവങ്ങളും കേന്ദ്രമാക്കി രൂപകൽപ്പന ചെയ്തിരിക്കുന്ന റേ ബൈ താമര, ലളിതവും സുതാര്യവും വ്യക്തിഗതവുമായ സേവനങ്ങൾ നൽകും. പ്രാദേശിക സംസ്കാരവുമായി ചേർന്നുനിൽക്കുന്ന അനുഭവങ്ങൾ, ആരാധനാലയങ്ങളുടെ സമയക്രമങ്ങളോട് യോജിച്ച സേവനങ്ങൾ, വിശ്വാസപരമായ ഭക്ഷണക്രമങ്ങൾ, യാത്രയ്ക്ക് മുൻപുള്ള വ്യക്തിഗത വിവരസഹായം എന്നിവ ഇതിന്റെ പ്രധാന പ്രത്യേകതകളാണ്. ആത്മീയ യാത്രയുടെ ലക്ഷ്യവും വൈകാരികതയും മനസ്സിലാക്കി സേവനങ്ങൾ നൽകുന്ന ഒരു പുതിയ ഹോസ്പിറ്റാലിറ്റി വിഭാഗമാണ് റേ ബൈ താമരയിലൂടെ കമ്പനി അവതരിപ്പിക്കുന്നത്.
രാജ്യത്തെ പ്രധാന ആത്മീയ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വിശ്വസ്തമായ ഹോസ്പിറ്റാലിറ്റി ശൃംഖല സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ 2030-ഓടെ 25 പ്രോപ്പർട്ടികൾ റേ ബ്രാൻഡിന് കീഴിൽ പ്രവർത്തനസജ്ജമാക്കാനാണ് കമ്പനിയുടെ പദ്ധതി.
Source link


