കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

കാളികാവ്: കരുവാരക്കുണ്ട് കൽക്കുണ്ട് മണലിയാംപാടത്ത് കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. തരിശ് മുള്ളറ സ്വദേശി ചിറ്റങ്ങോടൻ ജംഷീർ (38,കൊണ്ടോട്ടി കുഞ്ഞിപ്പ ) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. തുടയ്ക്ക് ആനയുടെ ചവിട്ടേറ്റ് അവശനിലയിലായ ജംഷീറിനെ നാട്ടുകാർ സമീപത്തെ സഹകരണ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.റബർ മരങ്ങൾക്ക് റെയിൻ ഗാർഡ് വയ്ക്കാനായി ഇയാൾ മലയിൽ പോയതെന്ന് നാട്ടുകാർ പറഞ്ഞു. ജംഷീറിന്റെ കരച്ചിൽ കേട്ട് തോട്ടത്തിലെ തൊഴിലാളികളാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ ജംഷീർ സംസാരിച്ചിരുന്നതായി ഒപ്പമുള്ളവർ പറയുന്നു. സൈലന്റ്വാലി ബഫർ സോണിനോട് ചേർന്ന മേഖലയിൽ കാട്ടാനകളുടെ സാന്നിദ്ധ്യവും കൃഷിനാശവും നിത്യസംഭവമാണ്. ജംഷീറിന്റെ ഭാര്യ ഷംന. മക്കൾ: റയാൻ, റിഫാൻ. പോസ്റ്റുമോർട്ടത്തിനു ശേഷം വൈകിട്ട് മൃതദേഹം കബറടക്കി.
Source link


