കൊച്ചിയിൽ 70 വയസ്സുകാരിയായ ഹരിതകർമസേനാംഗത്തെ പീഡിപ്പിച്ച 29കാരൻ പിടിയിൽ

കൊച്ചിയിൽ ഹരിതകർമസേനാംഗമായ വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഇരുപത്തിയൊൻപതുകാരൻ അറസ്റ്റിൽ. ഫോർട്ട്കൊച്ചി ചുള്ളിക്കൽ സ്വദേശിയായ യാസിർ അഫ്രീദിനെയാണ് എഴുപതുകാരിയായ സേനാംഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പിടികൂടിയത്. എംജി റോഡിലെ സിനിമാ കോംപ്ലക്സിനുള്ളിലുള്ള കോഫി ഷോപ്പിലെ ജീവനക്കാരനാണ് ഇയാൾ. ഫോർട്ട്കൊച്ചിയിൽ വെച്ച് ഇന്ന് രാവിലെയോടെയായിരുന്നു പ്രതിയുടെ അറസ്റ്റ്.
വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു ക്രൂരമായ സംഭവം അരങ്ങേറിയത്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരണ കേന്ദ്രത്തിലെത്തിച്ച ശേഷം മടങ്ങിപ്പോകുകയായിരുന്നു വയോധിക. ഇതേസമയം, സുഹൃത്തിനെ യാത്രയാക്കി മടങ്ങുകയായിരുന്ന യാസിർ ഇവരെ കാണാനിടയാകുകയും ബൈക്ക് നിർത്തി ചുറ്റുപാടും ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം സ്ത്രീയെ കടന്നുപിടിച്ച് നിലത്തേക്ക് തള്ളിയിടുകയുമായിരുന്നു.
അക്രമത്തെ ശക്തമായി പ്രതിരോധിച്ച വയോധിക ഉച്ചത്തിൽ നിലവിളിച്ചതിനെത്തുടർന്ന് പരിസരത്തുണ്ടായിരുന്ന തെരുവുനായ്ക്കൾ കുരച്ചുകൊണ്ട് ഓടിയെത്തി. ഇതുകണ്ടതോടെ ഭയന്നുപോയ പ്രതി, ലൈംഗിക അതിക്രമത്തിനുള്ള ശ്രമം പാതിവഴിയിൽ ഉപേക്ഷിച്ച് ബൈക്കിൽ കയറി വേഗത്തിൽ രക്ഷപ്പെടുകയായിരുന്നു.




