LATEST NEWS
ഇപ്പോൾ മനുഷ്യരെയും ആക്രമിക്കാൻ തുടങ്ങി കുറുനരികൾ; നേരത്തെ മനുഷ്യ സാമീപ്യം ഭയപ്പെട്ടിരുന്നു

പിറവം ∙ തെരുവുനായ്കൾക്കു പുറമേ മേഖലയിൽ കുറുനരികളും അക്രമകാരികളാകുന്നതോടെ നാട്ടുകാർ ആശങ്കയിൽ. റബർതോട്ടങ്ങളും വിജനമായ ഭൂമിയും ഏറെയുള്ള കിഴക്കൻ മേഖലയിൽ കുറുനരികളുടെ ശല്യം വ്യാപകമാണ്. കഴിഞ്ഞ ദിവസം വൈകിട്ടു ഊരമന ഭാഗത്തു കുറുനരിയുടെ ആക്രമണത്തിൽ 3 പേർക്കു പരുക്കേറ്റു. കടുവക്കാട്ട് ബേബി (70) ഭാര്യ സാറാമ്മ(68), സമീപവാസി കൂവയ്ക്കൽ രാജു (67) എന്നിവർക്കാണു കടിയേറ്റത്. ആടുകൾ ഉൾപ്പെടെ വളർത്തുമൃഗങ്ങളെ ഇവ ആക്രമിക്കുന്നുണ്ട്. വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. മാറാടി, പാമ്പാക്കുട പഞ്ചായത്തുകൾക്ക് അതിരിടുന്ന പ്രദേശമാണിത്. വീട്ടുമുറ്റത്തു നിൽക്കുകയായിരുന്ന രാജുവിനാണ് ആദ്യം കടിയേറ്റത്. ഇവിടെ നിന്നു ഓടിയ കുറുനരി വീടിന്റെ പിൻഭാഗക്കു നിൽക്കുകയായിരുന്ന സാറാമ്മയെയും രക്ഷിക്കാൻ എത്തിയ ബേബിയെയും കടിച്ചു മുറിവേൽപ്പിച്ചതിനു ശേഷം പുറത്തിറങ്ങി.പാടത്തും തുറന്ന സ്ഥലത്തും പശുക്കളെ മേയാൻ വിടുന്ന കർഷകർ ഇൗ ഭാഗത്ത് ഉണ്ട്. നേരത്തെ ഉൗരമന പാത്തിക്കൽ ഭാഗത്തു കുറുനരി ആളുകളെ ആക്രമിച്ചിരുന്നു. പാമ്പാക്കുട പിറമാടം ഭാഗത്തും ആക്രമണം ഉണ്ടായി. വന്യജീവി സംരക്ഷണ നിയമ പ്രകാരം സംരക്ഷിക്കപ്പെടുന്ന ജീവിയാണ് ഇവ. കുറുനരി ശല്യം നിയന്ത്രിക്കുന്നതിനു വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നു പഞ്ചായത്ത് ഭരണസമിതി അംഗം യു.ബിജു ആവശ്യപ്പെട്ടു.
Source link


