LIFESTYLE
സ്വന്തമായി വീടോ ഫ്ലാറ്റോ ഭൂമിയോ വേണ്ട: പുതുതലമുറയിൽ സബ്സ്‌ക്രിപ്‌ഷനാണ് ട്രെൻഡ്

ഇന്നത്തെ യുവജനതയുടെ ജീവിതശൈലി മുൻതലമുറക്കാർക്ക് ചിന്തിക്കാവുന്നതിലുമപ്പുറം മാറ്റങ്ങൾ നിറഞ്ഞതാണ്. മിക്ക കാര്യങ്ങളും സ്വന്തമാക്കുന്നതിന് പകരം സബ്സ്ക്രിപ്ഷൻ അടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതാണ് പുതുതലമുറയുടെ രീതി. സിനിമയോ സീരീസുകളോ കാണാൻ കാണാൻ ഒടിടി പ്ലാറ്റ്‌ഫോമുകൾ സബ്സ്ക്രൈബ് ചെയ്യുന്നതുപോലെ ഏതുകാര്യത്തിനും ഉപയോഗത്തിനനുസരിച്ച് മാത്രം പണം നൽകി സന്തോഷം കണ്ടെത്തുന്നവരാണ് ഇവർ. ഈ മനഃസ്ഥിതിയോടെയാണ് താമസസ്ഥലങ്ങളെയും ഇന്നത്തെ തലമുറ കാണുന്നത്. വീടോ സ്ഥലമോ സ്വന്തമാക്കുക എന്നതിലുപരി സൗകര്യാർഥം താമസിക്കാൻ വാടകവീട് കണ്ടെത്താനാണ് പുതുതലമുറയുടെ താൽപര്യം.പ്രത്യേകിച്ച് ഇന്ത്യയിലെ നഗരമേഖലകളിൽ വീട്, വാഹനം തുടങ്ങിയവയോട് വൈകാരിക അടുപ്പം കാത്തുസൂക്ഷിക്കുന്ന പ്രവണത കുറഞ്ഞുവരുന്നു എന്നാണ് വിലയിരുത്തൽ. സ്വന്തമായി ഒരു വീട് അല്ലെങ്കിൽ ഭൂമി എന്ന കാഴ്ചപ്പാട് വച്ചുപുലർത്തുന്നവർ നന്നേ കുറവാണെന്ന് പറയാം. ഒരു വീടോ സ്ഥലമോ സ്വന്തമാക്കുന്നത് പ്രധാന ആസ്‌തിയായി കണ്ടിരുന്ന രീതിയെ ചോദ്യം ചെയ്യുന്ന തരത്തിൽ ട്രെൻഡ് മാറിക്കഴിഞ്ഞു. ഉടമസ്ഥാവകാശം ഒരു അനിവാര്യതയായി യുവതലമുറ കണക്കാക്കുന്നില്ല. ഈ കാഴ്ചപ്പാടുകളുടെ പ്രതിഫലനം റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രകടമാണ്.വീട് ജീവിതവിജയത്തിന്റെ അടയാളമായാണ് അടുത്തകാലംവരെ സമൂഹം കണക്കാക്കിയിരുന്നത്. എന്നാൽ ഒരു സ്ഥലത്തും സ്ഥിരതയോടെ ദീർഘകാലത്തേക്ക് തുടരാനാകുമെന്ന് ഉറപ്പില്ലാത്ത തൊഴിൽ അന്തരീക്ഷം യുവാക്കളെ മാറിചിന്തിപ്പിക്കുന്നു. ഒരു നഗരത്തിലും അഞ്ചോ പത്തോ വർഷം തുടരുമെന്ന കാര്യത്തിൽ യുവ പ്രൊഫഷനലുകൾക്ക് ഉറപ്പില്ല. ആഗോള മൊബിലിറ്റി, ഡിജിറ്റൽ ജീവിതശൈലി എന്നിവ സ്ഥിരതയുടെ അർഥം തന്നെ മാറ്റിമറിച്ചു കഴിഞ്ഞു.വീടിന്റെ കാര്യത്തിലായാലും ജീവിക്കുന്ന നാടിന്റെ കാര്യത്തിലായാലും സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് മാറ്റങ്ങൾ വരുത്താൻ പുതുതലമുറ തയാറാണ്. സാമ്പത്തിക ഉയർച്ചയുടെ അടയാളമായി ഉടമസ്ഥാവകാശത്തെ കാണാൻ കഴിയാത്തതും ഇതേ കാരണത്താലാണ്. വർഷങ്ങളോളം പ്ലാൻ ചെയ്ത് ലക്ഷങ്ങളോ കോടികളോ ചെലവിട്ട് ആയുഷ്കാലത്തേക്ക് മുഴുവൻ വേണ്ടി ഒരു വീട് സ്വന്തമാക്കുന്നതിന് പകരം ആവശ്യത്തിന് ഉപയോഗിക്കാവുന്ന തരത്തിൽ ഒരു താമസസ്ഥലം കണ്ടെത്തുന്നതിനാണ് ഇന്നത്തെ സമൂഹം മുൻഗണന നൽകുന്നത്. ഈ മനഃസ്ഥിതി നിക്ഷേപ സ്വഭാവത്തെയും സ്വാധീനിക്കുന്നുണ്ട്.സ്വത്തുടമസ്ഥത നേടുന്നതുമായി ബന്ധപ്പെട്ട സങ്കീർണതകളും ഇതിൽ നിന്നും പുതുതലമുറയെ പിന്തിരിപ്പിക്കുന്നുണ്ടെന്ന് പറയാം. ഡൗൺ പേയ്‌മെന്റുകൾ, രജിസ്ട്രേഷൻ, അറ്റകുറ്റപ്പണിക്കുള്ള ചെലവുകൾ, നിയമപരമായ സങ്കീർണ്ണതകൾ, വാടകക്കാരുടെ തർക്കങ്ങൾ, ലിക്വിഡിറ്റി വെല്ലുവിളികൾ, വർഷങ്ങളുടെ മൂലധന ലോക്ക് ഇൻ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഈ ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്നതിലും നല്ലത് സൗകര്യപ്രദമായ ജീവിതാന്തരീക്ഷം വാടക നൽകി സൃഷ്ടിക്കുന്നതാണെന്ന് ഇവർ കരുതുന്നു.വാണിജ്യ പ്രോപ്പർട്ടികളുടെ കാര്യമെടുത്താൽ വൻകിട കമ്പനികളും അതിസമ്പന്നരും മാത്രമാണ് നിലവിൽ അവ വിലയ്ക്ക് വാങ്ങാൻ ഒരുങ്ങുന്നത്. പുതുതലമുറ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റുകളെയാണ് (REIT) വാണിജ്യ ആസ്തികൾക്കായി ആശ്രയിക്കുന്നത്.
Source link
CINEMA
CINEMA


