NATIIONAL
ഹാപ്പി വിഷു! ചിന്നസ്വാമിയിൽ ലക്നൗവിന്റെ ‘കുറ്റി’ തെറിപ്പിച്ച് ആർസിബിയുടെ ‘വിളയാട്ടം’, ഇനി ടേബിൾ ടോപ്പർമാർ, ഓറഞ്ച് ക്യാപ് കോലിക്ക്

ബെംഗളൂരു ∙ വിഷു കേരളത്തിലായിരുന്നെങ്കിലും യഥാർഥ വിഷു ആഘോഷം ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു. ആർസിബിയുടെ ബോളർമാരും ബാറ്റർമാരും ഒരുപോലെ ‘ആഘോഷം’ ഗംഭീരമാക്കിയതോടെ ലക്നൗ സൂപ്പർ ജയന്റ്സിന് തീരെ ‘ലക്ക്’ ഇല്ലാതെ പോയി. തീർത്തും ഏകപക്ഷീമായ മത്സരത്തിൽ 5 വിക്കറ്റിനാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു, ലക്നൗവിനെ തോൽപ്പിച്ചത്. ലക്നൗ ഉയർത്തിയ 147 റൺസെന്ന കുഞ്ഞൻ വിജയലക്ഷ്യം 15.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ആർസിബി മറികടന്നു.‘സ്ട്രൈക്ക് റേറ്റ് പോര’ എന്നു പഴി പറഞ്ഞവർക്ക് മറുപടിയുമായാണ് വിരാട് കോലി ചേസിങ് ആരംഭിച്ചത്. ഓപ്പണർ ഫിൽ സോൾട്ട് (8 പന്തിൽ 7) തുടക്കത്തിൽ തന്നെ പുറത്തായെങ്കിലും മൂന്നാമനായി ഇറങ്ങിയ ദേവ്‌ദത്ത് പടിക്കലിനെ കൂട്ടുപിടിച്ച് കോലി കത്തിക്കയറുകയായിരുന്നു. പവർപ്ലേയിൽ ഫോറുകൊണ്ട് ‘ആറാടിയ’ കിങ്, മൂന്നാം ഓവറിൽ മുഹമ്മദ് ഷമിയെ തുടർച്ചയായി മൂന്നു തവണയും നാലാം ഓവറിൽ പ്രിൻസ് യാദവിനെ തുടർച്ചയായി നാലു തവണയും ബൗണ്ടറി പായിച്ചു. പവർപ്ലേ അവസാനിക്കുമ്പോൾ 1ന് 60 എന്ന നിലയിലായിരുന്നു ആർസിബി. വിരാട് കോലി, 20 പന്തിൽ 40ഉം.പിന്നീട് തകർത്തടിച്ച പാട്ടീദാറിനെയും ജിതേഷ് ശർമയെയും പ്രിൻസ് യാദവ് ഒരേ ഓവറിൽ പുറത്താക്കിയെങ്കിലും ആറാം വിക്കറ്റിൽ ഒന്നിച്ച ടിം ഡേവിഡ് (8 പന്തിൽ 14*), റൊമാരിയോ ഷെപ്പേർഡ് (8 പന്തിൽ 14*) സഖ്യം ആർസിബിയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. പ്രിൻസ് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ആവേശ് ഖാൻ രണ്ടു വിക്കറ്റെടുത്തു.
Source link


