test del 3
സ്വർണവിലയെ പിടിച്ചുകെട്ടി ഡോളർ; എണ്ണവില താഴ്ന്നിട്ടും നിലയുറയ്ക്കാതെ ‘രാജ്യാന്തര സ്വർണം’, കേരളത്തിൽ വില മാറ്റമില്ല

സ്വർണവില കേരളത്തിൽ ഇന്ന് മാറിയില്ല. ഗ്രാമിന് 14,235 രൂപയും പവന് 1,13,880 രൂപയുമാണ് വില. ഹോർമുസ് കടലിടുക്കിനെ ചൊല്ലി യുഎസും ഇറാനും തമ്മിലെ കലഹം മൂർച്ഛിച്ചെങ്കിലും എണ്ണവില താഴേക്ക് നീങ്ങിയിട്ടുണ്ട്. ഇത് രാജ്യാന്തര സ്വർണവില കൂടാനിടയാക്കുമെന്ന് കരുതിയെങ്കിലും ഇടിയുകയാണുണ്ടായത്.ഔൺസിന് 15 ഡോളർ താഴ്ന്ന് 4795 ഡോളറിലാണ് രാജ്യാന്തര സ്വർണവില ഇപ്പോഴുള്ളത്. കേരളത്തിൽ ഇന്നലെ വില നിശ്ചയിക്കുമ്പോഴുള്ള രാജ്യാന്തര വിലയും ഇന്നത്തെ വിലയും തമ്മിൽ കാര്യമായ അന്തരമില്ല. ഇതോടെ, ഇന്ന് സംസ്ഥാനത്ത് വില നിലനിർത്താൻ വ്യാപാരികൾ തീരുമാനിക്കുകയായിരുന്നു. യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്ക് എതിരായ യുഎസ് ഡോളർ ഇൻഡക്സ് 0.06% ഉയർന്ന് 98.15 ഡോളറിൽ എത്തിയതും രാജ്യാന്തര സ്വർണവിലയെ താഴേക്ക് നയിച്ചു.ഇറാൻ-യുഎസ് സംഘർഷം രൂക്ഷമായേക്കുമെന്ന പ്രതീതിയുള്ളതിനാൽ എണ്ണവില കൂടുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് രണ്ടാംഘട്ട ചർച്ചയ്ക്കായി ഇറാൻ പ്രതിനിധികളും എത്തിയേക്കാമെന്ന പ്രതീക്ഷകൾ ഉയർന്നിട്ടുണ്ട്. ഇത് എണ്ണവിലയെ താഴ്ത്തി. യുഎസ് ക്രൂഡ് (ഡബ്ല്യുടിഐ) വില 0.85% താഴ്ന്ന് ബാരലിന് 86.68 ഡോളറായി. ബ്രെന്റ് വില 0.51% താഴ്ന്ന് 94.99 ഡോളറും.
Source link


