test del 2

ഹോർമുസിൽ ഉപരോധം ആരംഭിച്ചശേഷം യുഎസ് തിരിച്ചയച്ചത് 27 കപ്പലുകൾ; നിരീക്ഷണം ശക്തമെന്ന് മുന്നറിയിപ്പ്


മസ്‌ക്കറ്റ്: ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തിയ ശേഷം ഒരാഴ്ചയ്ക്കിടെ ഇറാനിയൻ തുറമുഖങ്ങളിലേക്ക് വരികയോ അവിടെനിന്ന് പോകുകയോ ചെയ്ത 27 കപ്പലുകളെ യുഎസ് നാവികസേന തിരിച്ചയച്ചതായി റിപ്പോർട്ട്. ഇറാനിയൻ പതാക വഹിക്കുന്ന കപ്പലുകളെയോ ഇറാനെ സഹായിക്കുന്ന മറ്റ് കപ്പലുകളെയോ എവിടെവെച്ചും പിന്തുടരുമെന്ന് യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്ൻ വ്യക്തമാക്കി. ഈ മേഖലയിലെ കപ്പലുകളുടെ നീക്കം അമേരിക്കൻ സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.ഉപരോധം ലംഘിച്ച് കടന്നുപോകാൻ ശ്രമിച്ച എംവി ടൗസ്‌ക എന്ന ഇറാനിയൻ ചരക്ക് കപ്പലിനെ യുഎസ് സൈന്യം ഒമാൻ ഉൾക്കടലിൽവെച്ച് തടയുകയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. യുഎസ് സേനയുടെ ആവർത്തിച്ചുള്ള റേഡിയോ മുന്നറിയിപ്പുകൾ കപ്പലിന്റെ ക്യാപ്റ്റൻ അവഗണിച്ചതോടെ യുദ്ധക്കപ്പലായ യുഎസ്എസ് സ്പ്രുവൻസ് ഉപയോഗിച്ച്  തടയുകയായിരുന്നു. എംകെ 45 ഡെക്ക് ഗണ്ണിൽനിന്ന് വെടിയുതിർത്ത് കപ്പലിന്റെ പ്രവർത്തനം തകരാറിലാക്കിയാണ് കപ്പൽ യുഎസ് സേന പിടിച്ചെടുത്തത്.നിലവിൽ യുഎസ് സൈന്യം എംവി ടൗസ്‌ക കപ്പലിലെ കണ്ടെയ്‌നറുകൾ പരിശോധിച്ചുവരികയാണ്. കപ്പൽ ഒമാനിലേക്ക് കൊണ്ടുപോകണോ അതോ ഇറാനിയൻ തുറമുഖത്തേക്ക് പോകാൻ അനുവദിക്കണോ എന്ന കാര്യത്തിൽ പരിശോധനയ്ക്ക് ശേഷം തീരുമാനമെടുക്കും. കപ്പലിലെ ജീവനക്കാരെ ഉടൻതന്നെ ഇറാനിലേക്ക് തിരിച്ചയച്ചേക്കുമെന്നാണ് വിവരം.അതേസമയം, കപ്പൽ തടഞ്ഞതിനെതിരേ ഇറാൻ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനെ ‘ക്രിമിനൽ നിയമവിരുദ്ധ നടപടി’ എന്നാണ് ഇറാന്റെ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. കപ്പലും ജീവനക്കാരെയും ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട ഇറാൻ, അല്ലാത്തപക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പും നൽകി.


Source link

Back to top button