test del 3
നഗരമധ്യത്തിൽ അധോലോകം; ലോൺ ആപ് ഗുണ്ടകൾ പൊലീസിനെയും തടഞ്ഞു: നേരിട്ടത് വലിയ പ്രതിസന്ധികൾ

കണ്ണൂർ ∙ ബിഡിഎസ് വിദ്യാർഥി ആർ.എൽ.നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് അനധികൃത ലോൺ ആപ് സംഘത്തെ പിടികൂടാൻ ഡൽഹിക്കു സമീപം നോയിഡയിലെത്തിയ പൊലീസ് സംഘം നേരിട്ടത് വലിയ പ്രതിസന്ധികൾ. മൂന്നുപേരെ അറസ്റ്റ് ചെയ്ത് പുറത്തിറങ്ങിയ പൊലീസ് സംഘത്തെ ഗുണ്ടകൾ തടഞ്ഞുവച്ചു. പ്രതികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് എസ്ഐ വി.മിഥുനെ പിടിച്ചുവച്ചു. ഇതെല്ലാം തരണംചെയ്താണ് പ്രതികളുമായി പൊലീസ് കേരളത്തിലെത്തിയത്. ഇൻസ്റ്റ പേ (ഇൻസ്റ്റന്റ് ഫണ്ട്സ്) ലോൺ ആപ്പിന്റെ ആസ്ഥാനം പ്രവർത്തിച്ച കെട്ടിടത്തിൽ ബോർഡോ പേരോ ഇല്ല. അകത്തു പക്ഷേ, ഐടി സ്ഥാപനങ്ങൾക്കു സമാനമായ സൗകര്യങ്ങളാണ്. ഓഫിസ് പ്രവർത്തിച്ച കെട്ടിടത്തിന്റെ ഉടമ തന്നെയാണ് ലോൺ ആപ്പിന്റെ ഉടമയെന്നാണു വിവരം. അനുമതിയില്ലാതെ പ്രവർത്തിച്ച സ്ഥാപനത്തെക്കുറിച്ച് നോയിഡ പൊലീസിനും ഒന്നുമറിയില്ല.നോയിഡ പൊലീസിലെ നാലുപേരും സഹായത്തിനുണ്ടായിരുന്നു. കേരള പൊലീസ് എത്തുമ്പോൾ നാൽപതോളം ജീവനക്കാർ ഓഫിസിൽ ജോലിചെയ്യുന്നുണ്ടായിരുന്നു. ലോൺ ആപ്പുകൾ പ്രമോട്ട് ചെയ്യുന്നതും പണം നൽകുന്നതും തിരിച്ചടവിനായി ഭീഷണിപ്പെടുത്തുന്നതും നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്നതുമെല്ലാം ഇവിടെനിന്നാണ്. ലോണെടുത്തവരെ വിളിക്കാൻ പ്രതികൾ ഫോണിനു പകരം സിം ബോക്സുകളാണ് ഉപയോഗിച്ചിരുന്നത്. ഒരേസമയം 30 സിം കാർഡുകൾ വരെ ഉപയോഗിക്കാൻ സിം ബോക്സുകൾക്കു കഴിയും. സിംകാർഡുകളും ബോക്സുകളും പൊലീസ് പിടിച്ചെടുത്തു.ലോൺ ആപ് ജീവനക്കാർ റിമാൻഡിൽ കണ്ണൂർ ∙ അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എൽ.നിതിൻരാജിനെ മരണത്തിലേക്കു നയിക്കാൻ കാരണക്കാരെന്നു പൊലീസ് സംശയിക്കുന്ന ലോൺ ആപ് സ്ഥാപനത്തിലെ 3 ജീവനക്കാരെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് (3) കോടതി റിമാൻഡ് ചെയ്തു. ഇവരുടെ കസ്റ്റഡി അപേക്ഷ നാളെ കോടതി പരിഗണിക്കും. നിതിൻരാജിനെ ഭീഷണിപ്പെടുത്തിയ ഇൻസ്റ്റന്റ് ഫണ്ട്സ് എന്ന ലോൺ ആപ്പിലെ ടെലിമാർക്കറ്റിങ് ജീവനക്കാരായ യുപി ഗാസിയാബാദ് സ്വദേശി ഋഷികേശ് തിവാരി (32), പ്രശാന്ത് ഖേവൽ(28), ഹരിയാന ഫരീദാബാദ് സ്വദേശി പ്രകാശ് ജയ് (54) എന്നിവരെ കഴിഞ്ഞ ദിവസം നോയിഡയിൽനിന്ന് കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലോൺ ആപ് ഉടമയെ പിടികൂടാനുണ്ട്.
Source link


