LATEST

ഉത്തരകൊറിയയിൽ പിൻഗാമി ഒരുങ്ങുന്നു,​ സൈനിക പരിശീലനത്തിൽ തോക്കേന്തി കിമ്മിന്റെ മകൾ

പ്യോംങ്യാംഗ്‌: ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ മകൾ കിം ജൂ ആയെ തോക്ക് ഉപയോഗിച്ച് വെടിവയ്ക്കാൻ പരിശീലിക്കുന്ന ചിത്രങ്ങൾ പുറത്ത്. രാജ്യത്തെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. കിമ്മിന് ശേഷം മകളായിരിക്കും അടുത്ത ഭരണാധികാരിയെന്ന ചർച്ചകൾക്ക് ഇതോടെ കൂടുതൽ പ്രചാരം ലഭിച്ചിരിക്കുകയാണ്.

ഔദ്യോഗികമായി പുറത്തുവിട്ട ചിത്രങ്ങളിൽ, ലതർ ജാക്കറ്റ് ധരിച്ച ജൂ ആയെ ഔട്ട്‌ഡോർ ഷൂട്ടിംഗ് റേഞ്ചിൽ തോക്കിന്റെ സ്‌കോപ്പിലൂടെ ലക്ഷ്യം നോക്കി വെടിയുതിർക്കുന്നതായി കാണാം. തോക്കിൻ കുഴലിലൂടെ പുക ഉയരുന്നതും ചിത്രത്തിൽ വ്യക്തമാണ്. കിമ്മും മകളും പ്രധാനപ്പെട്ട രാഷ്ട്രീയ പരിപാടികളിൽ സ്ഥിരമായി അണിയാറുള്ള ലതർ ജാക്കറ്റാണ് ധരിച്ചിരുന്നത്. ഉത്തരകൊറിയൻ രാഷ്ട്രീയത്തിൽ അധികാരത്തിന്റെ പ്രതീകമായാണ് ഈ ജാക്കറ്റിനെ വിലയിരുത്തപ്പെടുന്നത്.

ഈയാഴ്ച നടന്ന പാർട്ടി കോൺഗ്രസിന്റെ സമാപനത്തോടനുബന്ധിച്ചുള്ള സൈനിക പരേഡിലും ജൂ ആയെ സജീവമായി കിം പങ്കെടുപ്പിച്ചിരുന്നു. പുതിയ ആയുധങ്ങളും ഉത്തരവാദിത്ത്വങ്ങളും മുതിർന്ന പാർട്ടി നേതാക്കൾക്കും സൈനിക ഉദ്യോഗസ്ഥർക്കും കിം പുതിയ സ്‌നൈപ്പർ റൈഫിളുകൾ സമ്മാനമായി നൽകി. ഉദ്യോഗസ്ഥരെ തനിക്ക് എത്രത്തോളം വിശ്വാസമാണെന്ന് കാണിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ഉത്തരകൊറിയൻ വാർത്താ ഏജൻസി പറയുന്നത്. തുടർന്ന് നടന്ന ഷൂട്ടിംഗ് പരിശീലനത്തിലാണ് മകൾക്കൊപ്പം കിം പങ്കെടുത്തത്.


ജൂ ആയെ പിൻഗാമിയായി നിശ്ചയിക്കുന്നതിനുള്ള നടപടികൾ പ്യോങ്യാംഗ് ആരംഭിച്ചതായി ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസികൾ ഈ മാസം തുടക്കത്തിൽ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ആയുധങ്ങൾ, രാഷ്ട്ര ഭരണം എന്നിവ കൈകാര്യം ചെയ്യാനുള്ള ജൂവി കഴിവ് പ്രദർശിപ്പിക്കുന്നതിലൂടെ, കൃത്യമായ ഭരണാധികാര പരിശീലനം നേടുകയാണെന്നാണ് ദക്ഷിണ കൊറിയയിലെ യൂണിവേഴ്സിറ്റി ഓഫ് നോർത്ത് കൊറിയൻ സ്റ്റഡീസ് മുൻ പ്രസിഡന്റ് യാംഗ് മൂജിൻ നിരീക്ഷിക്കുന്നത്.

അതേസമയം, കിമ്മിന്റെ സഹോദരി കിം യോ ജോംഗിനെ പാർട്ടിയുടെ ജനറൽ അഫയേഴ്‌‌സ് ഡിപ്പാർട്ട്‌മെന്റ് മേധാവിയായി നിയമിച്ചിട്ടുണ്ട്. പാർട്ടി സെക്രട്ടറി ജനറലിന് തുല്യമായ പദവിയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. പതിറ്റാണ്ടുകളായി ‘പേക്തു രക്തപരമ്പര’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കിം കുടുംബമാണ് ഉത്തരകൊറിയ ഭരിക്കുന്നത്.


Source link

Related Articles

Back to top button