CINEMA

ഇന്ത്യൻ സിനിമയ്ക്ക് സമാന്തര ഭാഷ ഒരുക്കിയ ചലച്ചിത്രകാരൻ

രാജേഷ് പുത്തൻപുരയിൽ | Monday 22 December, 2025 | 5:51 PM

ഇന്ത്യൻ സിനിമയ്ക്ക് സമാന്തര ഭാഷയും ധാരയും നൽകിയ സംവിധായകരിൽ പ്രമുഖ ചലച്ചിത്ര സംവിധായകനായിരുന്നു ശ്യാം ബെനഗൽ. 2025 ഡിസംബർ 23ന് ശ്യാം ബെനഗൽ എന്ന അതുല്യ ചലച്ചിത്രകാരൻ ഓർമ്മയുടെ ഫ്രെയിമിൽ ഒരു വർഷം തികയുന്നു. ഇന്ത്യൻ സമാന്തര സിനിമയുടെ ദേശീയ ചരിത്രത്തെ കൂടി പല രീതികളിൽ ബെനഗലിന്റെ ചലച്ചിത്ര സപര്യ രേഖപ്പെടുത്തുന്നുണ്ട്. ബെനഗൽ ചിത്രങ്ങൾ വിവിധ കാരണങ്ങൾ കൊണ്ടാണ് അനന്യമാകുന്നത്. അതിൽ ഏറ്റവും പ്രധാനം അദ്ദേഹത്തിന്റെ ചലച്ചിത്ര സപര്യയുടെ സമ്പന്നതയും വൈവിധ്യവുമാണ്.


ശ്യാം ബെനഗൽ തന്റെ ജീവിതത്തിൽ താരതമ്യേന വൈകിയാണ് മുഴുനീള കഥാചിത്ര സംവിധാനത്തിലേക്ക് കടന്നത്. 1934 ൽ ജനിച്ച ബെനഗൽ തന്റെ ആദ്യ ചിത്രമായ അങ്കൂർ ചിത്രീകരിക്കുന്നത് 1973 ലാണ്. അതിനുമുൻപ് തന്നെ ഒട്ടനവധി പരസ്യ ചിത്രങ്ങളും, രേഖാചിത്രങ്ങളും, ഹ്രസ്വചിത്രങ്ങളും നിർമ്മിച്ചിരുന്നു. ഈ മാദ്ധ്യമ പരിചയം ബെനഗൽചിത്രങ്ങൾ എപ്പോഴും പുലർത്താറുള്ള സാങ്കേതിക മികവിൽ പ്രകടമായി തന്നെ കാണാം. അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിലും, ഛായാഗ്രഹണം, സന്നിവേശനം, ശബ്ദലേഖനം, സംഗീതം തുടങ്ങിയ മേഖലകളിൽ എല്ലാം ശ്യാം ബെനഗലിനുള്ള കൈയ്യടക്കം ശ്രദ്ധേയമാണ്. മറ്റൊരു സവിശേഷത അദ്ദേഹം കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലെ വൈവിധ്യമാണ്.


ആദ്യകാല റിയലിസ്റ്റിക് ശൈലിയിലുള്ള ചിത്രങ്ങളിൽ തുടങ്ങി സാഹിത്യ കൃതികളെയും ചരിത്ര പുരുഷന്മാരെക്കുറിച്ചുമുള്ള ചിത്രങ്ങളും കുട്ടികൾക്കായുള്ള സിനിമയും പിന്നീട് ജനപ്രിയ ശൈലികൾ പിൻപറ്റുന്ന സമകാലിക ചിത്രങ്ങൾ വരെ അദ്ദേഹത്തിന്റേതായിട്ടുണ്ട്. പല സ്ഥലങ്ങളെയും കാലഘട്ടങ്ങളെയും ഈ ആഖ്യാനങ്ങൾ പശ്ചാത്തലമാക്കി. ഗ്രാമീണ ഇന്ത്യയും ചരിത്രവും ആണ് ബെനഗലിന്റെ ഇഷ്ട സ്ഥലകാല പരിസരം.

കൊളോണിയലിസം, ഫ്യൂഡലിസം, ജാതീയത, സ്വാതന്ത്ര്യസമരം, സ്വാതന്ത്ര്യ ലബ്ദി, തീവ്രവാദ പ്രസ്ഥാനങ്ങൾ, ദേശീയ വികസന പദ്ധതികൾ, വർഗീയതയുടെ ഉദയം, ആഗോളവൽക്കരണം തുടങ്ങി കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ ഇന്ത്യൻ ചരിത്രത്തിലെ മാറ്റങ്ങളും ഗതിവിഗതികളും ബെനഗൽ ചിത്രങ്ങളിൽ പ്രതിപാദവിഷയമാക്കുവാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.


ശ്യാം ബെനഗലിന്റെ സിനിമാ ജീവിതത്തെ ഏറെ സ്വാധീനിച്ചത് സത്യജിത് റായ് ആയിരുന്നു. പഥേർ പാഞ്ചാലിയിൽ തുടങ്ങുന്ന റായ് സിനിമകളുടെ ലാളിത്യവും ഗ്രാമ്യയാഥാർത്ഥ്യങ്ങളുടെ സത്യസന്ധമായ ആവിഷ്‌കാരവും ബെനഗലിനെ കൂടുതൽ ആകർഷിച്ചു. തന്റെ ചലച്ചിത്ര അവബോധം കരുപ്പിടിപ്പിക്കുന്നതിൽ റായ് സിനിമകളുടെ പങ്ക് അദ്ദേഹം ആവർത്തിച്ച് പറയാറുണ്ട്.


ഇന്ത്യൻ നവതരംഗ പ്രസ്ഥാനത്തെ പൂർണ്ണമായും ശ്യാംബെനഗൽ പ്രതിനിധാനം ചെയ്യുന്നില്ല. നവതരംഗത്തിന്റെ ആവിഷ്‌കാര സംഗീതങ്ങൾ സ്വാംശീകരിച്ചു കൊണ്ട് ഹിന്ദി റിയലിസ്റ്റിക് സിനിമകളുടെ പാത സ്വീകരിക്കുകയായിരുന്നു അദ്ദേഹം. അങ്ങനെ നവ തരംഗത്തിന്റെ റിയലിസ്റ്റിക് മുഖമാവുകയായിരുന്നു ശ്യാം ബെനഗൽ. ആഖ്യാനത്തിൽ പുതുമ തേടുമ്പോഴും ഇന്ത്യൻ യാഥാർത്ഥ്യങ്ങളുടെ സത്യസന്ധമായ മുഖം അദ്ദേഹം മറയ്ക്കുന്നില്ല. തന്റെ അരനൂറ്റാണ്ടിലേറെ നീളുന്ന ചലച്ചിത്രകാലത്തിൽ സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളിലും അദ്ദേഹം ഈ നിഷ്‌കർഷത പുലർത്തിയിരുന്നു എന്ന് കാണാം.


ബെനഗലിന്റെ ഗ്രാമീണ ചിത്രത്രയങ്ങൾ

ശ്യാം ബെനഗലിന് ഇന്ത്യൻ സമാന്തര സിനിമകളിൽ ശക്തമായ സ്ഥാനം നേടിക്കൊടുത്ത ആദ്യകാല സിനിമകളാണ് അങ്കൂർ, നിശാന്ത്, മന്ഥൻ എന്നിവ. അദ്ദേഹത്തിന്റെ പ്രശസ്തമായ ഗ്രാമീണ ചിത്രത്രയങ്ങളായാണ് ഈ സിനിമകളെ നിരൂപകർ വിശേഷിപ്പിക്കുന്നത്. തെലങ്കാന കർഷക സമരത്തിന്റെ ഫലമായുണ്ടായ തൊഴിലാളി മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് അങ്കൂറിന്റെ കഥാതന്തു വികസിക്കുന്നത്. ഫ്യൂഡൽ വ്യവസ്ഥിതി കൊടികുത്തി വാണിടുന്ന ആന്ധ്രപ്രദേശിലെ ഒരു ഗ്രാമത്തിൽ ദളിത് വിഭാഗത്തിലുള്ള തൊഴിലാളികൾ അനുഭവിക്കേണ്ടിവരുന്ന കൊടും പീഡനങ്ങൾ ആണ് അങ്കൂറിൽ പ്രതിപാദിക്കുന്നത്. നിശാന്തിൽ എത്തുമ്പോൾ ഫ്യൂഡൽ അടിച്ചമർത്തലും സാധാരണ ജനതയുടെ പ്രതിരോധവും കുറെ കൂടി തീവ്രമായി ആവിഷ്‌കരിക്കപ്പെടുന്നു. മന്ഥനിൽ അടിച്ചമർത്തലിന്റെയും ചൂഷണത്തിന്റെയും വിമോചനത്തിന്റെയും പ്രമേയം ആവർത്തിക്കുകയാണ്. ദേശീയോദ്ഗ്രഥന മാതൃകയിലേക്ക് നയിക്കുന്നു എന്ന സവിശേഷതയുമുണ്ട്.


70കളിലെയും 80കളിലെയും സമാന്തര സിനിമ പ്രസ്ഥാനത്തിൽ ശ്യാം ബെനഗലിന്റെ ചലച്ചിത്രങ്ങൾ പ്രധാന പങ്കുവഹിച്ചു. രാജ്യത്തെ ജാതിവ്യവസ്ഥ ഗ്രാമീണ ഫ്യൂഡലിസം എന്നിവയെ രൂക്ഷമായി വിമർശിച്ച അങ്കൂർ ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ വാരിക്കൂട്ടി. മൂന്നാമത്തെ ചിത്രമായ നിശാന്ത് കാൻ ചലച്ചിത്രമേളയിൽ പാം ഡിഓർ ന് നോമിനേറ്റ് ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഗ്രാമീണ ചിത്രങ്ങൾക്ക് പുറമേ ഭൂമിക, ജുനൂൺ എന്നിവ ശക്തമായ സിനിമാറ്റിക് ആഖ്യാനങ്ങളായി.

80കളിൽ ഇറങ്ങിയ കലിയുഗ്, ആരോഹൻ, മണ്ടി, ത്രികാല, സുസ്മാൻ എന്നീ ചിത്രങ്ങൾ നിരൂപക പ്രശംസ നേടി. 18 ദേശീയ പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡിനും അർഹനായി. 1976ൽ പത്മശ്രീയും 1991ൽ പത്മഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 23 ഫീച്ചർ ചിത്രങ്ങളും നാല്പതോളം ഡോക്യുമെന്ററികളും നിരവധി ഹ്രസ്വ ചിത്രങ്ങളും നിറഞ്ഞുനിന്ന ചലച്ചിത്ര വർഷങ്ങൾ. സമാന്തര സിനിമയിലെ ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം അത്രയും കർമ്മനിരതനായ ഒരു ചലച്ചിത്രകാരന്റെ ജീവിതത്തിനാണ് 2024 ഡിസംബർ 23ന് തിരശ്ശീല വീണത്.


സ്ത്രീകൾക്ക് എന്നും ശ്യാം ബെനഗൽ സിനിമകളിൽ ഒരു പ്രധാന സ്ഥാനം ഉണ്ടായിരുന്നു. ചെറുത്തു നിൽപ്പിന്റെ ശക്തിയായി സ്ത്രീയെ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ശ്യാം ബെനഗലിനെ മറ്റ് സമാന്തര സിനിമ സംവിധായകരിൽ നിന്നും വേറിട്ട് നിർത്തുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. ഏറ്റവും പ്രധാനം അദ്ദേഹത്തിന്റെ സിനിമകൾ പുലർത്തുന്ന വൈവിധ്യവും സത്യസന്ധതയും തന്നെയാണ്. സാമൂഹ്യ പ്രശ്‌നങ്ങളെ വെല്ലുവിളികളോടെ നേരിടുകയും പാർശ്വവൽക്കരിക്കപ്പെട്ടവരോടൊപ്പം എന്നും നിലയുറപ്പിക്കുകയും ചെയ്തു.


ഇന്ത്യൻ സമാന്തര സിനിമയുടെ പ്രയോക്താവും പ്രചാരകനുമായാണ് ശ്യാം ബെനഗൽ അറിയപ്പെടുന്നത്. സമാന്തര സിനിമയ്ക്ക് പ്രത്യേകിച്ച് ഹിന്ദി റിയലിസ്റ്റിക് സിനിമയ്ക്ക് പുതിയൊരു ആഖ്യാന രീതിയും സൗന്ദര്യ ശാസ്ത്രവും രചിക്കുകയായിരുന്നു അദ്ദേഹം. സമാന്തര സിനിമയുടെ പുഷ്‌കലമായ ഒരു കാലഘട്ടത്തിന് ശ്യാം ബെനഗൽ അരങ്ങൊഴിഞ്ഞതോടെ തിരശ്ശീല വീഴുകയായിരുന്നു.


Source link

Related Articles

Back to top button