ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികൾക്കായി അലയേണ്ട, 108ൽ വിളിച്ചാൽ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും

തിരുവനന്തപുരം: പാമ്പുകടിയേറ്റാൽ കനിവ് 108 ആംബുലൻസ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളിൽ കൃത്യമായി എത്തിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. കനിവ് 108 ആംബുലൻസിലുള്ള പരിചയ സമ്പന്നരായ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വഴി പ്രഥമ ശുശ്രൂഷയും നിരീക്ഷണവും ഉറപ്പാക്കാനാകും. പാമ്പുകടിയേറ്റാൽ സമയോചിതമായ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും നൽകിയാൽ ജീവൻ രക്ഷിക്കാൻ കഴിയുന്നതാണ്. അതിനാൽ ആന്റിവെനം ലഭ്യമല്ലാത്ത ആശുപത്രികളിൽ പോയി സമയം കളയരുത്. നിലവിൽ 146 ആശുപത്രികളിൽ ആന്റിവെനം ലഭ്യമാണ്. ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളിലും പാമ്പുകടി ചികിത്സയ്ക്കുള്ള ആന്റി സ്‌നേക്ക് വെനം ലഭ്യമാണ്. അവിടെ ആന്റി സ്‌നേക്ക് വെനം സ്റ്റോക്കുണ്ടോ എന്ന് ഉറപ്പാക്കിയായിരിക്കും ആശുപത്രിയിലെത്തിക്കുക. മാത്രമല്ല പാമ്പുകടിയേറ്റ് വരുന്ന വിവരം ആശുപത്രിയേയും അറിയിക്കാനാകും. ആവശ്യമായവർ 108 എന്ന നമ്പരിൽ വിളിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
Source link


