test del 2
വെടിനിർത്തൽ നീട്ടിയത് പാകിസ്താന്റെ അഭ്യർഥന മാനിച്ചെന്ന് ട്രംപ്; നന്ദിപറഞ്ഞ് പാക് പ്രധാനമന്ത്രി

വാഷിങ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ അനിശ്ചിതമായി നീട്ടിയത് പാകിസ്താന്റെ അഭ്യർഥന മാനിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗുരുതരമായി തകർന്നുപോയ ഇറാൻ ഭരണകൂടത്തിന് സ്ഥിരമായ സമാധാനക്കരാറിലെത്താൻ ഒരു ഏകീകൃത നിർദേശം മുന്നോട്ടുവെയ്ക്കാനായി സമയം നൽകുകയാണെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു.പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, സൈനിക മേധാവി അസിം മുനീർ എന്നിവരുടെ അഭ്യർഥന കണക്കിലെടുത്താണ് വെടിനിർത്തൽ നീട്ടുന്നത്. സമാധാനക്കരാറിനായുള്ള ഒരു ഏകീകൃതനിർദേശം മുന്നോട്ടുവെക്കാൻ ഇറാൻ പ്രതിനിധികൾക്ക് സമയം നൽകണമെന്നാണ് അവർ അഭ്യർഥിച്ചത്. അതുവരെ ഇറാനുനേരേയുള്ള ആക്രമണം നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടതായും ട്രംപ് സാമൂഹികമാധ്യമത്തിൽ കുറിച്ചു. അതേസമയം, ഹോർമുസിൽ നാവിക ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.അതിനിടെ, പാകിസ്താന്റെ അഭ്യർഥന മാനിച്ചതിന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഡൊണാൾഡ് ട്രംപിനോട് നന്ദി അറിയിച്ചു. വെടിനിർത്തൽ നീട്ടാനുള്ള അഭ്യർഥന സ്വീകരിച്ചതിനും പാകിസ്താന്റെ നയതന്ത്രശ്രമങ്ങളിൽ വിശ്വാസമർപ്പിച്ചതിനും നന്ദിയുണ്ടെന്നായിരുന്നു പാക് പ്രധാനമന്ത്രിയുടെ പ്രതികരണം. സംഘർഷം അവസാനിപ്പിക്കാനായി പാകിസ്താന്റെ ശ്രമങ്ങൾ തുടരുമെന്നും ഇസ്ലാമാബാദിൽ നടക്കുന്ന രണ്ടാംഘട്ട സമാധാന ചർച്ചകളിൽ സംഘർഷത്തിന് അവസാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.യുഎസ്-ഇറാൻ വെടിനിർത്തൽ കരാറിന്റെ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് വെടിനിർത്തൽ അനിശ്ചിതമായി നീട്ടുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. ഇതാദ്യമായാണ് യുഎസ് ഇറാന് മുന്നിൽ കൃത്യമായ ഒരു സമയപരിധി വെക്കാതിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
Source link

