test del 3
നെട്ടയം സംഘർഷം: സിഐ വിപിനെതിരെ നടപടി; ബിജെപിക്കു വേണ്ടി സമരത്തിനിറങ്ങിയത് രണ്ട് മുൻ ഡിജിപിമാർ

തിരുവനന്തപുരം ∙ നെട്ടയത്ത് മലമുകളിൽ ബിജെപി – സിപിഎം പ്രവർത്തകർ ഏറ്റുമുട്ടിയതിനെ തുടർന്നുണ്ടായ പൊലീസ് നപടിയിൽ ആരോപണ വിധേയനായ വട്ടിയൂർക്കാവ് എസ്എച്ച്ഒ വിപിനെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചതോടെ സമരം അവസാനിപ്പിച്ച് ബിജെപി. രണ്ട് മുൻ ഡിജിപിമാരെ പൊലിസ് സ്റ്റേഷൻ മാർച്ചിൽ രംഗത്തിറക്കിയായിരുന്നു ബിജെപി കടുത്ത പ്രതിഷേധം അറിയിച്ചത്. വട്ടിയൂർക്കാവ് സ്റ്റേഷനിലേക്ക് മഹിളാ മോർച്ച പ്രവർത്തകർ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തത് മുൻ ഡിജിപി ആർ.ശ്രീലേഖയായിരുന്നു. പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചാണ് ശ്രീലേഖ മാർച്ചിൽ പങ്കെടുത്തത്. ബിജെപി പ്രവർത്തകരെ കസ്റ്റഡിയിൽ മർദിച്ചതിൽ പ്രതിഷേധിച്ച് മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് സംഘപരിവാർ സംഘടനകൾ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തത് മുൻ സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ടി.പി. സെൻകുമാർ.ബിജെപി – സിപിഎം പ്രവർത്തകർ ഏറ്റുമുട്ടിയതിനെ തുടർന്നുണ്ടായ പൊലീസ് നപടിയിൽ പ്രതിഷേധിച്ച് കടുത്ത പ്രതിഷേധമാണ് ബിജെപി ഉയർത്തിയത്. സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫിസിലേക്ക് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും നടന്നു. ബിജെപി പ്രവർത്തകനെ കസ്റ്റഡിയിൽ മർദിച്ച പൊലീസുകാർക്കെതിരെയും മഹിളാ മോർച്ച പ്രവർത്തകയെ കടിച്ച് പരുക്കേൽപിച്ച പൊലീസുദ്യോഗസ്ഥയ്ക്കെതിരെയും തെളിവുകളുമായി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ബിജെപി നേതൃത്വം.നെട്ടയത്ത് മലമുകളിൽ ബിജെപി പ്രവർത്തകന്റെ ഭാര്യയ്ക്കുനേരെ അയൽവാസിയായ സിപിഎം പ്രവർത്തകൻ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന തർക്കത്തിൽ ഉടലെടുത്ത സംഘർഷമാണ് കഴിഞ്ഞ മൂന്നു ദിവസമായി തിരുവനന്തപുരത്ത് അരങ്ങേറിയത്. അതേസമയം പൊലീസുദ്യോഗസ്ഥരുടെ വീടുകളിലെത്തി ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയും പൊലീസുദ്യോഗസ്ഥർ ഉയർത്തുന്നുണ്ട്.
Source link


