test del 4 copy of del 3
തൃശൂർ പൂരം കൊടിയേറ്റ് ഏപ്രിൽ 20ന്: പൂരം 26ന്; സാംപിൾ വെടിക്കെട്ട് 24ന്

തൃശൂർ ∙ കാഴ്ചയുടെയും കേൾവിയുടെയും വിസ്മയക്കാഴ്ചകൾ സമ്മാനിക്കുന്ന തൃശൂർ പൂരത്തിനു 20ന് കൊടിയേറ്റ്. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി–പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും 20ന് കൊടിയേറും. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11നും 11.30 ഇടയ്ക്കാണു കൊടിയേറ്റം. പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ കെട്ടി ദേശക്കാർ ചേർന്ന് ഉയർത്തുന്നതാണു ചടങ്ങ്. കൊടിമരത്തിനായുള്ള കവുങ്ങ് നാളെ രാവിലെ 9ന് പാട്ടുരായ്ക്കൽ ജംക്ഷനിൽ നിന്നു ക്ഷേത്രത്തിലേക്ക് ആഘോഷപൂർവം എത്തിക്കും. പാറമേക്കാവ് ക്ഷേത്രത്തിൽ 20ന് 11.30നാണ് പൂരം കൊടിയേറ്റ്. രാവിലെ 11ന് നടക്കുന്ന വലിയപാണിക്കു ശേഷം പുറത്തേക്ക് എഴുന്നള്ളിക്കുന്ന ഭഗവതിയെ സാക്ഷിയാക്കി ദേശക്കാർ കൊടി ഉയർത്തും. ചെമ്പിൽ കുട്ടനാശാരി നിർമിച്ച കവുങ്ങിൻ കൊടിമരം ആൽ, മാവ് ഇലകളും ദർഭപ്പുല്ലും ഉപയോഗിച്ചും അലങ്കരിക്കും. തുടർന്ന് സിംഹ മുദ്രയുള്ള കൊടിക്കൂറ കെട്ടിയാണ് കൊടിമരം ഉയർത്തുക. ഇതിനു ശേഷം ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടികൾ ഉയർത്തും. പൂരം 26ന്; സാംപിൾ 24ന് ഏപ്രിൽ 26നാണ് തൃശൂർ പൂരം. തിരുവമ്പാടി–പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയ പ്രദർശനത്തിനു 24ന് തുടക്കമാകും. ഇതോടൊപ്പം 24ന് രാത്രി 7ന് സാംപിൾ വെടിക്കെട്ടും നടക്കും. 25ന് നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിലെത്തി തെക്കേഗോപുര നടയിലൂടെ പുറത്തിറങ്ങുന്ന പൂരം വിളംബരം ചടങ്ങ്. 26ന് രാവിലെ ഘടക ക്ഷേത്രങ്ങളുടെ പൂരം വരവ്, മഠത്തിൽവരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, കുടമാറ്റം എന്നിവയും പുലർച്ചെ പ്രധാന വെടിക്കെട്ടും. 27ന് പകൽപൂരവും തുടർന്നു ഉപചാരം ചൊല്ലൽ. രാത്രി ആറാട്ടിനും മേളത്തിനും ശേഷം പൂരം കൊടിയിറങ്ങും.
Source link


