അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ അസാധാരണ നീക്കം; ഓർത്തോഡോന്റിക് വിഭാഗത്തിൽ കൂട്ടരാജി

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം പുരോഗമിക്കവേ കോളേജിലെ ഓർത്തോഡോന്റിക് വിഭാഗത്തിൽ കൂട്ടരാജി. അദ്ധ്യാപകർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരാണ് രാജിക്കത്ത് നൽകിയിരിക്കുന്നത്. ഏഴ് ജീവനക്കാരാണ് ഓർത്തോഡോന്റിക് വിഭാഗത്തിലുള്ളത്. എന്നാൽ രാജിക്കത്തുകൾ കോളേജ് മാനേജ്‌മെന്റ് സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം. നിതിൻ രാജിന്റെ മരണത്തിൽ കുറ്റാരോപിതരായ അദ്ധ്യാപകരായ ഡോ. എം.കെ. റാമും ഡോ. സംഗീത നമ്പ്യാരും ഇപ്പോഴും ഒളിവിലാണ്. ഇവർ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവർ തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചിട്ടുണ്ട്. ഹർജി 22ന് പരിഗണിക്കും. ആത്മഹത്യാ പ്രേരണ, പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമം എന്നിവ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഒളിവിൽ പോയ ഇരുവരും വ്യത്യസ്ത അഭിഭാഷകർ മുഖേനയാണ് ഹർജി നൽകിയത്. ഇരുവർക്കുമായി ലുക്കൗട്ട് സർക്കുലർ ഉടൻ പുറത്തിറക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചിരുന്നു. അതേസമയം, നിതിൻ രാജിന്റെ മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും ലോൺ ആപ്പ് ഭീഷണിയാണ് ആത്മഹത്യക്ക് കാരണമെന്നുമാണ് ഡോ. റാമിന്റെയും ഡോ. സംഗീതയുടെയും മുൻകൂർ ജാമ്യഹർജിയിൽ പറയുന്നത്.
Source link


