NATIIONAL
ചെന്നൈ സൂപ്പർ കിങ്സിനു വമ്പൻ തിരിച്ചടി; 4.8 കോടിക്ക് ടീമിലെടുത്ത താരം പുറത്ത്; ഇനി ആര് എറിയും?

ചെന്നൈ ∙ ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിനു വമ്പൻ തിരിച്ചടിയായി പ്രധാന ബോളർ ടീമിൽനിന്നു പുറത്ത്. ഇടംകയ്യൻ പേസർ ഖലീൽ അഹമ്മദാണ് ഐപിഎൽ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽനിന്നു പുറത്തായത്. വലത് തുടയിലെ പേശിക്കേറ്റ പരുക്ക് ഭേദമാകാൻ സമയമെടുക്കുമെന്നതിനാൽ ഡോക്ടർമാർ താരത്തിനു വിശ്രമം നിർദേശിക്കുകയായിരുന്നു. പരുക്ക് ഭേദമാകാൻ 12 ആഴ്ചയിലധികം എടുക്കുമെന്ന് ചെന്നൈ സൂപ്പർ കിങ്സ് ഔദ്യോഗിക പ്രസ്താവനയിൽ സ്ഥിരീകരിച്ചു. ഇതോടെ ഒൻപത് ലീഗ് മത്സരങ്ങൾ ബാക്കിനിൽക്കെ, ഖലീൽ ടീമിൽനിന്നു പുറത്തായി. 2025 സീസണിനു മുന്നോടിയായി 4.8 കോടി രൂപയ്ക്കാണ് ഖലീൽ ചെന്നൈയിലെത്തിയത്. ഐപിഎൽ തുടങ്ങുന്നതിനു മുൻപു തന്നെ പേസർ നാഥൻ എല്ലിസ് ചെന്നൈ ടീമിൽനിന്നു പുറത്തായിരുന്നു. എല്ലിസിനു പകരക്കാരനായി എത്തിയ സ്പെൻസർ ജോൺസൺ കായികക്ഷമത വീണ്ടെടുക്കുന്നതേയുള്ളൂ എന്നതിനാൽ ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ല. പേസ് നിരയിലെ ഈ വിടവ് നികത്താൻ മുകേഷ് ചൗധരി അല്ലെങ്കിൽ രാമകൃഷ്ണ ഘോഷ് തുടങ്ങിയ ആഭ്യന്തര താരങ്ങളെ സിഎസ്കെയ്ക്ക് ആശ്രയിക്കേണ്ടി വരും. ഖലീലിനെപ്പോലെ ഒരു ഇടംകയ്യൻ ബോളറാണ് മുകേഷ് ചൗധരി. രാമകൃഷ്ണ ഘോഷ് വലംകയ്യൻ പേസറാണെങ്കിലും ബാറ്റിങ്ങിലും മികവുള്ള താരമാണ്.
Source link


