കൈമുട്ടുകൊണ്ട് വരയിൽ വിസ്മയം തീർത്ത് ബിന്ദു

തൊടുപുഴ: ഡ്രോയിംഗ് ബ്രഷ് പിടിക്കാൻ കൈപ്പത്തിയോ വിരലുകളോ ഇല്ലെങ്കിലും തന്റെ കലാസൃഷ്ടിക്ക് അത് തടസമല്ലെന്ന് തെളിയിക്കുകയാണ് അടിമാലി സ്വദേശിയായ കെ.ആർ. ബിന്ദു (52). കഴിഞ്ഞ രണ്ട് വർഷത്തിനിടെ കൈമുട്ടുകൾ മാത്രം ഉപയോഗിച്ച് വരച്ചത് ഇരുന്നൂറിലധികം ചിത്രങ്ങൾ. അതും ഓൺലൈൻ ക്ലാസിലൂടെ ലഭിച്ച അറിവിലൂടെ.കുട്ടിക്കാലം മുതൽ പടം വരയ്ക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ജന്മനാ രണ്ട് കൈപ്പത്തികളില്ലാത്തതിനാൽ സാധിച്ചില്ല. ഇപ്പോൾ പെൻസിൽ ഡ്രോയിംഗും അക്രിലിക് പെയിന്റും ബിന്ദുവിന് വശമാണ്. പ്രകൃതിയും പക്ഷിമൃഗാദികളും മനുഷ്യരുമൊക്കെയാണ് പ്രമേയങ്ങൾ. ഇതിനിടെ മൂവാറ്റുപുഴയിലെ സുഹൃത്തിന്റെ ആർട്ട്ഗ്യാലറിയിൽ ബിന്ദുവിന്റെ നാല് ചിത്രങ്ങൾ പ്രദർശിപ്പിച്ചു. മികച്ച അഭിപ്രായമാണ് ലഭിച്ചത്.അടിമാലി മച്ചിപ്ലാവിലെ കുറ്റിയാനിക്കൽ വീട്ടിൽ മാതാവ് രുഗ്മിണിക്കൊപ്പമാണ് ബിന്ദുവിന്റെ താമസം. ബിന്ദുവിന്റെ വരയ്ക്ക് പിന്തുണയുമായി സഹോദരങ്ങളായ സിന്ധു,സന്ധ്യ,സനിത,സരിത എന്നിവരുമുണ്ട്. നിലവിൽ ആളുകളെ പോട്രേറ്റ് ചെയ്യുന്ന ചിത്രങ്ങൾ വരയ്ക്കാനുള്ള പരിശ്രമത്തിലാണ് ബിന്ദു.
Source link


