SPORTS

വൈഭവിന്റെ അമാനുഷിക ഇന്നിങ്സ്: എതിരാളികളെ അമ്പരപ്പിച്ച ബാറ്റിംഗ് പ്രകടനം

ഒറ്റവാക്കിൽ പറഞ്ഞാൽ, ഇതൊരു അമാനുഷിക പ്രകടനമായിരുന്നു. വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് മാന്ത്രികതയെക്കുറിച്ച് ചിന്തിക്കാൻ പോലും ഞങ്ങൾക്ക് സമയം ലഭിച്ചില്ല എന്നതാണ് വാസ്തവം. സംഭവിച്ച കാര്യങ്ങൾ ഉൾക്കൊള്ളാൻ തന്നെ ഞങ്ങൾ അൽപനേരം എടുത്തു. ഞങ്ങളുടെ ബൗളിങ് നിര മോശമായിരുന്നില്ല, പിച്ചാകട്ടെ ബാറ്റിങ്ങിന് അമിതമായി അനുകൂലവുമല്ലായിരുന്നു. അഭിഷേക് ശർമയെയും പ്രഭ്സിമ്രൻ സിങ്ങിനെയും പോലുള്ള വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരെ പെട്ടെന്നുതന്നെ പുറത്താക്കാൻ ഞങ്ങൾക്ക് കഴിഞ്ഞത് അതുകൊണ്ടാണ്. എന്നാൽ വൈഭവിന്റെ കാര്യത്തിൽ ഞങ്ങളുടെ തന്ത്രങ്ങളെല്ലാം പാളി.

യഥാർഥ വണ്ടർ കിഡ് എന്ന് വിളിക്കാവുന്ന താരമാണ് അവൻ. അവിശ്വസനീയമായ ബാറ്റ് സ്വിങ്ങാണ് വൈഭവിന്റേത്. ഈ ചെറിയ പ്രായത്തിൽ എങ്ങനെയാണ് ഇത്രയും പക്വതയോടെ കളിക്കാൻ കഴിയുന്നത് എന്നോർത്ത് ഞങ്ങൾ അത്ഭുതപ്പെട്ടുപോയി. വൈഭവിന്റെ സ്കോർ 140-ൽ നിൽക്കുമ്പോൾ ഒരു പിഴവ് സംഭവിച്ചിരുന്നു, എങ്കിലും ആ ക്യാച്ച് കൈവിട്ടത് ഞങ്ങൾക്ക് തിരിച്ചടിയായി. ഒടുവിൽ ഇരട്ട സെഞ്ചറി തികച്ചതിന് ശേഷമാണ് വൈഭവിന്റെ വിക്കറ്റ് എനിക്ക് ലഭിച്ചത്, എന്നാൽ അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. തീർത്തും അവിശ്വസനീയമായൊരു ഇന്നിങ്സായിരുന്നു അത്. എതിർ ടീമിലായതുകൊണ്ട് മാത്രം ആ പ്രകടനത്തിന്റെ ഭംഗി ആസ്വദിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല.

(കഴിഞ്ഞ 12 വർഷമായി യുഎഇ ക്രിക്കറ്റ് ടീമിന്റെ അഭിഭാജ്യ ഘടകമാണ് ബാസിൽ ഹമീദ്).

Auto ⏭️

Back to top button