test del 2
USനേയും ഇറാനെയും വീണ്ടും ഒന്നിച്ചിരുത്താൻ പാകിസ്താൻ, രണ്ടാംഘട്ട സമാധാന ചർച്ച തിങ്കളാഴ്ച നടന്നേക്കും

ഇസ്ലാമാബാദ്: യുഎസ്- ഇറാൻ രണ്ടാംഘട്ട സമാധാന ചർച്ച തിങ്കളാഴ്ച പാകിസ്താനിൽ വെച്ച് നടക്കുമെന്ന് വിവരം. ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് വൈകാതെ എത്തിച്ചേരുമെന്ന് ഇറാൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. രണ്ടാം ഘട്ട സമാധാന ചർച്ചയ്ക്കായി പ്രതിനിധികൾ ഞായറാഴ്ച ഇസ്ലാമാബാദിൽ എത്തിച്ചേർന്നേക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തി. പ്രദേശത്തെ സംഘർഷാവസ്ഥയുടെ തീവ്രത കുറക്കുന്നതിനും നയതന്ത്ര പരിഹാരങ്ങൾക്കുമായുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ ചർച്ച ചെയ്തതായി അൽജസീറ റിപ്പോർട്ട് ചെയ്തു. സമാധാന ശ്രമങ്ങൾക്കായുള്ള പാക് ഇടപെടലിനെ ഖത്തർ അമീറും തുർക്കി പ്രസിഡന്റും അഭിനന്ദിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.ആദ്യഘട്ട യുഎസ്- ഇറാൻ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ രണ്ടാം ഘട്ടസമാധാന ചർച്ചകൾക്കായി പാകിസ്താൻ ശ്രമം ആരംഭിച്ചിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച പാക് സൈനിക മേധാവിയും ആഭ്യന്തരമന്ത്രിയും ഇറാനിൽ എത്തി അധികൃതരുമായി സംസാരിച്ചിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നതിനിടെയായിരുന്നു ഈ സന്ദർശനം.അതേസമയം, ലെബനനിലെ 10-ദിന വെടിനിർത്തൽ കാലയളവിൽ ഹോർമുസ് കടലിടുക്ക് ചരക്കുകപ്പലുകൾക്കായി പൂർണമായി തുറന്നിടുമെന്ന് ഇറാൻ വെള്ളിയാഴ്ച അറിയിച്ചു. ഇന്ത്യൻസമയം വെള്ളിയാഴ്ച പുലർച്ചെ മൂന്നിനാണ് ലെബനനിൽ ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ വെടിനിർത്തൽ നിലവിൽവന്നത്.
Source link

