പാൽ കുടിക്കുന്നതിനിടെ ശ്വാസതടസ്സം: പറമ്പിക്കുളത്ത് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

പാലക്കാട് മുതലമടയിൽ രാത്രി പാൽ കുടിക്കുന്നതിനിടയിൽ ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട രണ്ടുവയസ്സുകാരൻ ദാരുണമായി മരണപ്പെട്ടു. പറമ്പിക്കുളം തേക്കടി മുപ്പതേക്കർ ഉന്നതിയിലെ മലമലസർ ഗോത്രവിഭാഗത്തിൽപ്പെട്ട നന്ദകുമാറിന്റെയും ഉമാക്കുട്ടിയുടെയും മകൻ മണികണ്ഠനാണ് മരിച്ചത്. ശ്വാസംമുട്ടൽ രൂക്ഷമായതിനെത്തുടർന്ന് ഉടൻ തന്നെ കുട്ടിയെ തമിഴ്നാട്ടിലെ വേട്ടയ്ക്കാരൻപുതൂരിലുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് മൃതദേഹം ഉന്നതിയിലേക്കു കൊണ്ടുപോയെങ്കിലും, നിയമനടപടികളുടെ ഭാഗമായി പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റണമെന്ന് പോലീസ് നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ മുപ്പതേക്കർ ഉന്നതിയിലേക്ക് ആംബുലൻസ് എത്താൻ വിസമ്മതിച്ചതോടെ, പോലീസിന്റെ ജീപ്പിലാണ് മൃതദേഹം തമിഴ്നാട്ടിലെ സേത്ത്മടയിൽ എത്തിച്ചത്. അവിടെനിന്ന് പറമ്പിക്കുളത്തുനിന്നുള്ള ആംബുലൻസിൽ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സംഭവത്തിൽ പറമ്പിക്കുളം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.




