NEWS

അമ്മയുടെ കണ്ണീരിൽ വിരിഞ്ഞ സിദ്ധാർത്ഥ് ആപ്പ്: റാഗിംഗിനെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ”ഒരു അമ്മയുടെ തേങ്ങലിൽ നിന്നാണ് ‘സിദ്ധാർത്ഥ് ആപ്പ്’ എന്ന ആശയത്തിന്റെ തുടക്കം.”

മുഖ്യമന്ത്രി വി.ഡി. സതീശൻ വേദിയിൽ ഇക്കാര്യം പങ്കുവെച്ചപ്പോൾ, തൊട്ടടുത്തിരുന്ന സിദ്ധാർത്ഥിന്റെ മാതാവ് എം.ആർ. ഷീബ വിങ്ങിപ്പൊട്ടുകയായിരുന്നു. വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിംഗിനിരയായി ദാരുണമായി അന്ത്യം സംഭവിച്ച സിദ്ധാർത്ഥിന്റെ സ്മരണാർത്ഥം തയ്യാറാക്കിയ ‘സിദ്ധാർത്ഥ് സ്റ്റുഡന്റ് വെൽഫെയർ ആപ്പി’ന്റെ ഔദ്യോഗിക പ്രകാശനം സർക്കാർ വിമൻസ് കോളേജിൽ വെച്ച് മുഖ്യമന്ത്രി നിർവഹിച്ചു. ചടങ്ങിൽ സിദ്ധാർത്ഥിന്റെ അമ്മയും സന്നിഹിതയായിരുന്നു.

ഡിജിറ്റൽ സർവകലാശാലാ വിദ്യാർത്ഥിനി പൗശാലിക്ക് ആപ്പിന്റെ മാതൃക കൈമാറിക്കൊണ്ടായിരുന്നു ഉദ്ഘാടനം. പൗശാലിയുടെ മൊബൈൽ ഫോണിൽ നിന്ന് ആപ്പ് വഴി അയച്ച സന്ദേശം അധികൃതർക്ക് തത്സമയം ലഭിക്കുന്ന ദൃശ്യങ്ങൾ വേദിയിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വരുന്ന ഏതൊരു പരാതിയും മാനസിക സംഘർഷങ്ങളും ഈ ആപ്പ് വഴി അധികാരികളെ അറിയിക്കാം. പരാതി നൽകുന്ന വിദ്യാർത്ഥിയുടെ വിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ക്യാമ്പസുകളിൽ റാഗിംഗ് പ്രവണതകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മന്ത്രി റോജി എം. ജോൺ അധ്യക്ഷനായ ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ അച്യുത് ശങ്കർ സ്വാഗതം ആശംസിച്ചു. ഡിജിറ്റൽ സർവകലാശാലയാണ് ഈ ആപ്പിന്റെ സാങ്കേതിക വിദ്യ വികസിപ്പിച്ചത്.

നഴ്സിംഗ് സീറ്റുകളുടെ എണ്ണം കൂട്ടും

ജവഹർലാൽ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെമ്പറിന്റെ സംസ്ഥാനത്തെ ആദ്യത്തെ ഉപകേന്ദ്രം വിമൻസ് കോളേജിൽ ആരംഭിക്കുന്നതിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. ഉന്നതവിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾ അന്യസംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്ന സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി, വരും വർഷങ്ങളിൽ നഴ്സിംഗ് കോഴ്സുകളിൽ കൂടുതൽ സീറ്റുകൾ അനുവദിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ കൗൺസിൽ തയ്യാറാക്കിയ സ്റ്റുഡന്റ് ആസ്പിരേഷൻ സർവേയുടെ ആദ്യഘട്ട റിപ്പോർട്ട്, ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകിന് കൈമാറിക്കൊണ്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

സി-ഡിറ്റുമായി സംയോജിപ്പിച്ച് നടപ്പിലാക്കുന്ന ഓൺലൈൻ സയന്റിഫിക് ടെംപർ കോഴ്സിന്റെ ഉദ്ഘാടനം, മീനാക്ഷിക്ക് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നൽകിക്കൊണ്ട് മുഖ്യമന്ത്രി നിർവഹിച്ചു.

Sports ⏭️

Read News ⏭️

Back to top button