ഉത്തർപ്രദേശിൽ വോട്ടർപട്ടികയിൽനിന്ന് 1.27 കോടി ഹിന്ദുക്കൾ ഒഴിവാക്കപ്പെട്ടെന്ന് യോഗി ആദിത്യനാഥ്: എസ്ഐആറിൽ ജാഗ്രത നിർദ്ദേശം

ലക്നൗ: ഉത്തർപ്രദേശിൽ വോട്ടർ പട്ടികയിൽനിന്ന് ഏകദേശം 1.27 കോടി ഹിന്ദുക്കളുടെ പേരുകൾ ഒഴിവാക്കപ്പെട്ടതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെളിപ്പെടുത്തി. ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യവേ, ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അർഹരായ മുഴുവൻ പൗരന്മാരും വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ പാർട്ടിക്കാർ മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വോട്ടർ പട്ടികയിലുണ്ടായ ഈ പിഴവ് സംസ്ഥാനത്തെ 28 നഗര തദ്ദേശ സ്വയംഭരണ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തെ ദോഷകരമായി ബാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശിലെ നിലവിലെ ജനസംഖ്യാ കണക്കുകൾ പരിശോധിച്ചാൽ 16 കോടി വോട്ടർമാർ ഇവിടെ ഉണ്ടാകേണ്ടതാണ്. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുപ്രകാരം 13 കോടി വോട്ടർമാർ മാത്രമാണ് പട്ടികയിലുള്ളത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ സമയത്ത് പട്ടികയിലുണ്ടായിരുന്ന 66 ലക്ഷത്തോളം ആളുകളുടെ പേരുകൾ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോൾ ഒഴിവാക്കപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ, സർക്കാർ ആവിഷ്കരിച്ച വിവിധ ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നവരിൽ 55 ലക്ഷത്തോളം പേരുടെ പേരുകൾ വോട്ടർ പട്ടികയിൽ കാണാനില്ല. 18-നും 19-നും ഇടയിൽ പ്രായമുള്ള 4.5 ലക്ഷത്തോളം യുവ വോട്ടർമാരുടെ പേരുകളും പട്ടികയിൽ നിന്ന് പുറത്തായിട്ടുണ്ടെന്നും ആദിത്യനാഥ് ആരോപിച്ചു.




