ലാഭത്തിലുള്ള ബാങ്ക് വിൽക്കുന്നതിനെച്ചൊല്ലി രാഹുൽ ഗാന്ധിയും നിർമല സീതാരാമനും തമ്മിൽ വാഗ്വാദം

ന്യൂഡൽഹി: ടാറ്റാ ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ, ഐഡിബിഐ ബാങ്കിന്റെ സ്വകാര്യവൽക്കരണ വിഷയത്തിലും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ രൂക്ഷമായ തർക്കം. ഐഡിബിഐ ബാങ്കിലെ ഭൂരിഭാഗം ഓഹരികളും കാനഡ ആസ്ഥാനമായുള്ള ഫെയർഫാക്സ് എന്ന സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുന്ന ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി കത്ത് നൽകിയിരുന്നു. ഇതിനു മറുപടിയായി, ഓഹരി കൈമാറ്റം എല്ലാ നിയമനടപടികളും പാലിച്ചാണ് നടക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.
ജീവനക്കാരുടെ കഠിനാധ്വാനത്തിലൂടെ ലാഭത്തിലേക്ക് കുതിച്ച ഒരു പൊതുമേഖലാ സ്ഥാപനത്തെ എന്തിനാണ് വിൽക്കുന്നതെന്ന് രാഹുൽ ഗാന്ധി ചോദിക്കുന്നു. ഏഴ് വർഷം മുൻപ് കനത്ത നഷ്ടത്തിലായിരുന്ന ഐഡിബിഐ, കഴിഞ്ഞ സാമ്പത്തിക വർഷം 9000 കോടി രൂപയിലേറെ ലാഭം നേടിയിരുന്നു. സാധാരണക്കാരുടെ നികുതിപ്പണം കൊണ്ട് വളർന്ന ഈ സ്ഥാപനം ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. സ്വകാര്യവൽക്കരണം യാഥാർത്ഥ്യമാകുന്നതോടെ പട്ടികജാതി-വർഗ്ഗ വിഭാഗങ്ങൾക്കും പിന്നാക്ക സമുദായങ്ങൾക്കും ലഭിക്കേണ്ട സംവരണ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.
നിലവിൽ ഒരു ഓഹരിക്ക് 81 രൂപ എന്ന നിരക്കിലാണ് വിൽപന നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ഓഹരി ഒന്നിന് 94.42 രൂപയായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും, 2026 മാർച്ച് 12-ന് നടന്ന ലേലത്തിൽ ഈ തുകയ്ക്ക് ആരും മുന്നോട്ട് വന്നിരുന്നില്ല. തുടർന്ന് ജൂൺ ഒന്നിന് ഫെയർഫാക്സ് സമർപ്പിച്ച ബിഡിൽ 81 രൂപ വാഗ്ദാനം ചെയ്യുകയായിരുന്നു. ഈ തീരുമാനത്തിന് ശേഷം ബാങ്കിന്റെ വിപണി മൂല്യം പുനഃപരിശോധിച്ചപ്പോൾ ഓഹരിയൊന്നിന് 75.99 രൂപയാണ് ലഭിച്ചത്. എന്നാൽ, ഈ മൂല്യനിർണ്ണയ രീതി തെറ്റാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. വിപണി മൂല്യം കണക്കാക്കുമ്പോൾ സ്വകാര്യ ബാങ്കുകളെ പൂർണ്ണമായും ഒഴിവാക്കി പൊതുമേഖലാ ബാങ്കുകളെ മാത്രം പരിഗണിച്ചതിൽ അപാകതയുണ്ടെന്നും ആക്ഷേപമുയരുന്നു. എന്നാൽ, എല്ലാ സുതാര്യമായ മാനദണ്ഡങ്ങളും പാലിച്ചാണ് ബാങ്കിന്റെ യഥാർത്ഥ വിപണി മൂല്യം കണക്കാക്കിയതെന്ന ഉറച്ച നിലപാടിലാണ് കേന്ദ്ര സർക്കാർ.




