NEWS

മേഖലാ സംഘർഷം ലഘൂകരിക്കാൻ ഒമാൻ മധ്യസ്ഥത: സുൽത്താനുമായി ഇറാൻ വിദേശകാര്യ മന്ത്രിയുടെ കൂടിക്കാഴ്ച

മസ്‌കത്ത് ∙ മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷഭരിതമായ അന്തരീക്ഷം തണുപ്പിക്കാനും നയതന്ത്രതലത്തിൽ ഒത്തുതീർപ്പിനുള്ള വഴികൾ തുറക്കാനും ലക്ഷ്യമിട്ട് ഒമാൻ ഇടപെടലുകൾ ഊർജിതമാക്കി. ഇതിന്റെ ഭാഗമായി ഇറാൻ വിദേശകാര്യ മന്ത്രി ഡോ. സയ്യിദ് അബ്ബാസ് അരാഗ്ചി മസ്‌കത്തിലെത്തി സുൽത്താൻ ഹൈതം ബിൻ താരികുമായി നിർണായക ചർച്ചകൾ നടത്തി.

അൽ ആലം കൊട്ടാരത്തിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ, ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ സുൽത്താന് അയച്ച സന്ദേശം വിദേശകാര്യ മന്ത്രി കൈമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദപരമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും, വഷളായിക്കൊണ്ടിരിക്കുന്ന പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ചും നേതാക്കൾ വിശദമായി സംസാരിച്ചു.

മേഖലയിലെ യുദ്ധസമാനമായ സാഹചര്യം ലഘൂകരിക്കുന്നതിനും നിലനിൽക്കുന്ന തർക്കങ്ങൾക്ക് സമാധാനപരമായ പരിഹാരമാർഗങ്ങൾ തേടുന്നതിനുമായി ഇരുവിഭാഗവും നയതന്ത്ര നീക്കങ്ങൾ അവലോകനം ചെയ്തു. വിവിധ രാജ്യങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും സുൽത്താൻ ഹൈതം ബിൻ താരിക് നേതൃത്വം നൽകുന്ന ആത്മാർത്ഥമായ ശ്രമങ്ങളെ ഇറാൻ വിദേശകാര്യ മന്ത്രി പ്രത്യേകമായി അഭിനന്ദിക്കുകയും ചെയ്തു.

Fashion ⏭️

Back to top button