NEWS

പ്രവചനം പാളി; കൂപ്പുകുത്തി യുഎസ് ജിഡിപി; ഡോളറിന് ജപ്പാന്റെ ഷോക്ക്, ചൈനയും വീണു, ഏഷ്യയിൽ എഐ കൊടുങ്കാറ്റ്, കുതിച്ച് സ്വർണം, ഓഹരി


പ്രവചനങ്ങളെല്ലാം പൊളിഞ്ഞു; പ്രതീക്ഷിച്ചതിനേക്കാളും താഴേക്ക് നിലംപൊത്തി യുഎസിന്റെ ജിഡിപി വളർച്ച. 2026ന്റെ രണ്ടാംപാദമായ ഏപ്രിൽ-ജൂണിൽ വെറും 1.5% വളരാനാണ് യുഎസിന് കഴിഞ്ഞത്. 1.8 ശതമാനമെങ്കിലും വളരുമെന്നായിരുന്നു ഡൗ ജോൺസിലെ ഉൾപ്പെടെ സാമ്പത്തിക വിദഗ്ധരുടെ പ്രവചനം.‌‌ ജനുവരി-മാർച്ച് പാദത്തിൽ യുഎസ് ജിഡിപി 2.1% വളർന്നിരുന്നുവെന്ന് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.ജൂണിൽ യുഎസിലെ പണപ്പെരുപ്പം (പഴ്സനൽ കൺസംപ്ഷൻ എക്സ്പെൻഡിച്ചേഴ്സ് പ്രൈസ് ഇൻഡക്സ്) 3.7% എന്ന ആശങ്കാജനകമായ ഉയരത്തിലേക്ക് കുതിച്ചതും ആഘാതമാണ്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ‘ലക്ഷ്മണരേഖ’യായ 2 ശതമാനത്തേക്കാൾ ഏറെ ഉയരത്തിൽ. അതേസമയം, നിരീക്ഷകർ പ്രവചിച്ച കണക്കിന് ഏറക്കുറെ സമാനമാണ് കഴിഞ്ഞമാസത്തെ പണപ്പെരുപ്പമെന്ന് ആശ്വസിക്കാം.പണപ്പെരുപ്പം പരിധിവിട്ടു പറന്നുകയറിയെങ്കിലും ജിഡിപി വളർച്ച പ്രതീക്ഷിച്ചതിനേക്കാൾ താഴ്ന്നതിനാൽ ധൃതിപിടിച്ച് അടിസ്ഥാന പലിശനിരക്ക് കൂട്ടാൻ ഫെഡറൽ റിസർവ് മുതിരില്ലെന്നാണ് പൊതു വിലയിരുത്തൽ. മാത്രമല്ല, നിരീക്ഷകർ ഏതാണ്ട് പ്രതീക്ഷിച്ച കണക്കിൽതന്നെയാണ് ജൂണിലെ പണപ്പെരുപ്പമുള്ളത്. പ്രവചനങ്ങളെയും കടത്തിവെട്ടി പണപ്പെരുപ്പം കുതിച്ചിരുന്നെങ്കിൽ പലിശനിരക്ക് കൂട്ടാനുള്ള സാധ്യതയും വരുമായിരുന്നു.


Fashion ⏭️

Back to top button