NEWS

‘നിങ്ങളുടെ അവസാനത്തെ ദിവസം’; ശമ്പളം ‘നഷ്ടപരിഹാര’മായി നിക്ഷേപിച്ച് ടെക് കമ്പനി, ധാരണ ലംഘിച്ചു


കൊച്ചി ∙ യുഎസിലെ ടെക്സസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡിക്കൽ കോഡിങ് കമ്പനിയായ ‘കോറോഹെൽത്ത്’ കേരളത്തിലെ ഓഫിസുകളിൽ നടത്തിയ അപ്രതീക്ഷിത കൂട്ടപ്പിരിച്ചുവിടലിൽ ധാരണകൾ തെറ്റിച്ച് നടപടികളുമായി മുന്നോട്ട്. സംസ്ഥാന സർക്കാർ ഇടപെട്ട് പിരിച്ചുവിടൽ താൽക്കാലികമായി മരവിപ്പിച്ചെങ്കിലും നടപടികളുമായി കമ്പനി മുന്നോട്ടു പോവുകയാണ്.ഇതിന്റെ ഭാഗമായി ജീവനക്കാരിൽ ചിലർക്ക് രണ്ടു മാസത്തേയും ചിലർക്ക് രണ്ടര മാസത്തേയും ശമ്പളം ‘നഷ്ടപരിഹാര’മായി കമ്പനി നിക്ഷേപിച്ചു. കൊച്ചി പാലാരിവട്ടം ഓഫിസിലെ അറുന്നൂറോളം ജീവനക്കാരെയും കോഴിക്കോട് ഓഫിസിലെ ഇരുന്നൂറോളം പേരെയുമടക്കം എണ്ണൂറിലധികം ജീവനക്കാരെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ കമ്പനി ഇന്നലെ ഒഴിവാക്കിയത്. ഈ നടപടിക്കെതിരെ പ്രതിഷേധമുയർന്നതിനെ തുടർന്ന് നടത്തിയ ചർച്ചകളിലെ ധാരണകൾക്ക് വിരുദ്ധമായാണ് കമ്പനി നിലവിൽ മുന്നോട്ടു പോകുന്നത്. ധാരണയ്ക്ക് വിരുദ്ധമായി കമ്പനി സ്വീകരിച്ച നിലപാട് ഒരു വിധത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചു.എന്നാൽ, ഈ ധാരണകൾക്ക് വിരുദ്ധമായി ജീവനക്കാരുടെ അക്കൗണ്ടിലേക്ക് കമ്പനി വ്യവസ്ഥകൾ പാലിക്കാതെ നഷ്ടപരിഹാര തുക നിക്ഷേപിക്കുകയാണുണ്ടായത്. ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായിട്ടായിരുന്നു പണം നിക്ഷേപിച്ചത്. സർക്കാരുമായി ചർച്ച നടത്തുന്നതിനു മുൻപു തന്നെ നടപടിക്രമങ്ങൾ തീർക്കാനുള്ള ശ്രമമാണ് കമ്പനിയുടേത് എന്ന് ജീവനക്കാർ ആരോപിക്കുന്നു. തൊഴിൽ സെക്രട്ടറി തലത്തിൽ നടക്കാനിരിക്കുന്ന തുടർ ചർച്ചകളിൽ കമ്പനി പ്രതിനിധികൾ പങ്കെടുക്കുമോ എന്നും വ്യക്തമായിട്ടില്ല. പുതിയ ലേബർ കോഡും കരാറിലെ വ്യവസ്ഥകളും അനുസരിച്ചാണ് തങ്ങളുടെ നടപടിയെന്നാണ് കമ്പനിയുടെ വിശദീകരണം.


Source link

Back to top button