NEWS
അയോധ്യ സംഭാവനക്കൊള്ള: മോഷണ ദൃശ്യങ്ങൾ കിട്ടി, പണം ചാക്കുകളിലും വസ്ത്രങ്ങളിലും ഒളിപ്പിച്ചു കടത്തി

അയോധ്യ ∙ സംഭാവനക്കൊള്ള കേസിൽ അറസ്റ്റിലായവർ പണം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ രാമക്ഷേത്രത്തിൽ നിന്ന് പൊലീസിന് ലഭിച്ചു. അറസ്റ്റിലായ 8 പ്രതികളിൽ 6 പേരുടെ ദൃശ്യങ്ങളാണ് കിട്ടിയത്. കെട്ടുകണക്കിന് നോട്ടുകൾ ചാക്കുകളിലും വസ്ത്രങ്ങൾക്കുള്ളിലും ഒളിപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അവിനാശ് ശുക്ല, ലവ്കുശ് മിശ്ര, അനുകൽപ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര, രാം ശങ്കർ യാദവ് (ടിന്നു യാദവ്), സുഭാഷ് ശ്രീവാസ്തവ എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. ഇവരിൽ നിന്ന് 80 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് പൊലീസിന് കിട്ടിയത്.അവിനാശ് ശുക്ലയും അനുകൽപ് മിശ്രയും പണം എണ്ണുന്ന മുറിക്കുള്ളിൽ നിൽക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ആദ്യമൊക്കെ സിസിടിവിയിൽ നിന്ന് മറഞ്ഞുനിന്നാണ് പണം മോഷ്ടിച്ചതെങ്കിൽ പിന്നീട് കൺട്രോൾ റൂമിൽ ദൃശ്യങ്ങൾ ആരും പരിശോധിക്കുന്നില്ല എന്നു മനസ്സിലായതോടെ മറയില്ലാതെ ചെയ്യാൻ തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു. സ്വകാര്യ ഏജൻസിയിൽ നിന്നുള്ളവരാണ് ഇവർ. ഇവരെ എസ്ബിഐ ആവശ്യപ്പെട്ടതനുസരിച്ചാണ് വിട്ടുകൊടുത്തതെന്നാണ് ഏജൻസി വ്യക്തമാക്കിയത്. ഇവരെ പണം എണ്ണിതിട്ടപ്പെടുത്തുന്ന ജോലി ഏൽപ്പിച്ചത് ബാങ്ക് ആണെന്നും അവർ പറയുന്നു.രാമക്ഷേത്ര നിർമാണത്തിന് നേതൃത്വം നൽകിയ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റിമാരായ അനിൽ മിശ്ര, ഗോപാൽ റാവു എന്നിവരെ എസ്ഐടി ചോദ്യം ചെയ്തുകഴിഞ്ഞു. ട്രസ്റ്റിൽ നിന്ന് ചമ്പത് റായും അനിൽ മിശ്രയും രാജിവച്ചിട്ടുണ്ട്. തിങ്കളാഴ്ച ചേരുന്ന ട്രസ്റ്റ് യോഗം രാജിക്കാര്യത്തിൽ തീരുമാനമെടുക്കും.
Source link


