പ്രതിയെ ഭീഷണിപ്പെടുത്തിയിട്ടില്ല, സുഖമാണോ എന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്ന് ശ്രീനാദേവി കുഞ്ഞമ്മ

പുറത്തുവന്ന ദൃശ്യങ്ങൾ, ശ്രീനാദേവി കുഞ്ഞമ്മ
പത്തനംതിട്ട: അടൂർ പോലീസ് സ്റ്റേഷനിൽ നടന്ന സംഭവവികാസങ്ങളിൽ വിശദീകരണവുമായി ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയും കെഎസ്യു നേതാവ് ഫെനി നൈനാനും രംഗത്തെത്തി. പോലീസ് സ്റ്റേഷനുള്ളിൽ വെച്ച് തങ്ങൾ യാതൊരുവിധത്തിലുള്ള അതിക്രമങ്ങളും കാട്ടിയിട്ടില്ലെന്നും, പ്രതിയെ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റേഷനിലെത്തിയതെന്നും ശ്രീനാദേവി വ്യക്തമാക്കി. ലോക്കപ്പിലുള്ള ആളെ ശ്രീനാദേവി ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പ്രചരിച്ചതിനെത്തുടർന്നാണ് അവർ പ്രതികരണവുമായി എത്തിയത്.
സ്റ്റേഷന് ഉള്ളിലോ പുറത്തോ വെച്ച് ഒരു അക്രമവും നടന്നിട്ടില്ലെന്ന് അവർ ആവർത്തിച്ചു. പോലീസ് നിർദ്ദേശിച്ചതനുസരിച്ചുള്ള കാര്യങ്ങൾ ചെയ്യുക മാത്രമാണ് തങ്ങൾ ചെയ്തത്. സ്റ്റേഷനിലെ സെല്ലിനുള്ളിലേക്ക് പ്രവേശിക്കുകയോ പ്രതിയെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും, വെറും സൗഹൃദപരമായ രീതിയിൽ ‘സുഖമാണോ ചേട്ടാ’ എന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ശ്രീനാദേവി നൽകിയ വിശദീകരണം.
സ്ത്രീകളെ അങ്ങേയറ്റം മോശമായി ചിത്രീകരിക്കുന്ന യൂട്യൂബർ രാജനെ സംരക്ഷിക്കുന്ന നിലപാടാണ് അടൂരിലെ സിപിഎം നേതാക്കൾ സ്വീകരിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി. സിപിഎം അടൂർ ഏരിയ സെക്രട്ടറി മനോജിന്റെ വ്യക്തിജീവിതത്തിലെ വിവാദങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പരസ്യപ്പെടുത്തുമെന്നും, പോലീസിൽ നിന്ന് ഇപ്പോൾ നീതി ലഭിച്ചതായാണ് കരുതുന്നതെന്നും ശ്രീനാദേവി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ജൂലൈ പതിനൊന്നിന് ശ്രീനാദേവി കുഞ്ഞമ്മയുടെയും ഫെനി നൈനാന്റെയും നേതൃത്വത്തിൽ നടന്നുവെന്ന് പറയപ്പെടുന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ സ്റ്റേഷൻ വളപ്പിൽ വെച്ച് സംഘം ആക്രമിക്കുന്നതും, സ്റ്റേഷനുള്ളിൽ കടന്ന് ലോക്കപ്പിലുള്ള പ്രതിയെ ശ്രീനാദേവി ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതൊക്കെ നോക്കിനിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥരെയും വീഡിയോയിൽ കാണാൻ സാധിക്കും.
സമൂഹമാധ്യമങ്ങൾ വഴി തന്നെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിലാണ് രാജൻ ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് ജീപ്പ് തടഞ്ഞുനിർത്തി പ്രതിയെ ആക്രമിക്കാൻ ശ്രമിക്കുന്നതും, സ്റ്റേഷനിലേക്ക് ബലമായി കടന്നുകയറുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. തുടർന്ന് പോലീസുകാർ പ്രതിയെ വലിച്ചിഴച്ച് സ്റ്റേഷനുള്ളിലേക്ക് കൊണ്ടുപോകുമ്പോൾ, പിന്നാലെ എത്തിയ ശ്രീനാദേവി ലോക്കപ്പിന് മുന്നിലെത്തി രാജൻ ജോസഫിനോട് കയർത്തു സംസാരിക്കുന്നത് വീഡിയോയിലുണ്ട്. ഇതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥൻ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നതും വ്യക്തമാണ്. വിവരാവകാശ നിയമപ്രകാരം ലഭ്യമായ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.




