ബിജെപി നേതാവാകണമെങ്കിൽ ക്ലാസിൽ പങ്കെടുക്കണം, ഒപ്പം പരീക്ഷയും ജയിക്കണം; കർശന നിർദേശം

യോഗത്തിൽ പ്രസംഗിക്കുന്ന രാജീവ് ചന്ദ്രശേഖർ photo credit:www.facebook.com
തിരുവനന്തപുരം: നേതാവാകണമെങ്കിൽ ക്ലാസിൽ പങ്കെടുക്കണം. ഒപ്പം പരീക്ഷയിലും ജയിക്കണം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ബിജെപിയിലാണ് നേതൃത്വ ക്ലാസും പരീക്ഷയും നടത്തുന്നത്. സംസ്ഥാന അദ്ധ്യക്ഷനും എംഎൽഎയുമായ രാജീവ് ചന്ദ്രശേഖറാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയിരിക്കുന്നതെന്നാണ് ഒരു മലയാളം ചാനൽ റിപ്പോർട്ടുചെയ്യുന്നത്.
സംഘടനയെക്കുറിച്ച് വ്യക്തമായ ബോദ്ധ്യമുള്ള നേതൃനിരയെ വാർത്തെടുക്കുകയാണ് ലക്ഷ്യം. ഇതിനുവേണ്ടി സംഘടിപ്പിക്കുന്ന ക്യാമ്പിലായിരിക്കും ക്ലാസും തുടർന്ന് പരീക്ഷയും നടത്തുക. പരീക്ഷ പാസാകുന്നത് നിർബന്ധമാണ്. മണ്ഡല അടിസ്ഥാനത്തിലായിരിക്കും ക്ലാസും പരീക്ഷയും നടത്തുക. ബൂത്ത് അടിസ്ഥാനത്തിലുള്ള നേതാക്കൾ ക്ലാസിൽ പങ്കെടുക്കണം. പ്രശിക്ഷൺ ശിബിരം എന്നാണ് ഇതിന് പേരുനൽകിയിരിക്കുന്നത്.
ക്ളാസുകളിൽ സംഘടനാപരം, ആശയപരം എന്നിങ്ങനെ രണ്ട് വിഭാഗമാണ് ഇണ്ടാവുക. ഇതിനൊപ്പം ഡിജിറ്റൽ സാക്ഷരത പരമാവധി ഉറപ്പിക്കാനുള്ള ക്ലാസുകളും ഉണ്ടാവും. പാർട്ടിയിലെ എല്ലാ നേതാക്കൾക്കും ഡിജിറ്റൽ സാക്ഷരത ഉണ്ടായിരിക്കണം എന്നതാണ് ഇതിന്റെ ലക്ഷ്യം. പാർട്ടിയുടെ ആപ്പിൽ കാര്യങ്ങൾ അപ്‌ലോഡുചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ ക്ലാസിൽ പഠിപ്പിക്കും. ക്ലാസിൽ പഠിപ്പിച്ച എല്ലാകാര്യങ്ങളും മനസിലായോ എന്നറിയാനാണ് പരീക്ഷ നടത്തുന്നത്. 280മണ്ഡലങ്ങളിലും ഇത്തരത്തിൽ പരീക്ഷ നടത്താനാണ് തീരുമാനം.
2029 ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മികച്ച മുന്നേറ്റമുണ്ടാക്കാൻ പ്രത്യേക പദ്ധതി ബിജെപി തയ്യാറാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് ആ മണ്ഡലത്തിന്റെ ചുമതല നൽകി പ്രഭാരിമാരായി നിയമിക്കാനാണ് ബിജെപിയുടെ നീക്കം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങളിലാണ് ബിജെപി പുതിയ പരീക്ഷണം നടത്തുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ പ്രഭാരിയാകും. ആറ്റിങ്ങലിൽ കെ സുരേന്ദ്രൻ, പത്തനംതിട്ടയിൽ അനൂപ് ആന്റണി, ആലപ്പുഴയിൽ ശോഭ സുരേന്ദ്രൻ അല്ലെങ്കിൽ സന്ദീപ് വചസ്പതി, കൊല്ലത്ത് ചാത്തന്നൂർ എംഎൽഎയായ ബി.ബി ഗോപകുമാർ എന്നിവരെയാണ് പ്രഭാരിമാരായി പരിഗണിക്കുന്നത്. പ്രഭാരിമാരെ രണ്ടാഴ്ചയ്ക്കുള്ളിൽ പരിഗണിക്കും. ശേഷം മണ്ഡലത്തിൽ പൂർണസമയം ചെലവഴിക്കാനാണ് നേതൃത്വത്തിന്റെ നിർദ്ദേശം.
RELATED TOPICS: BJP LEADER TRAINING, BJP LEADERSHIP EXAM, BJP ORGANIZATIONAL TRAINING, BJP CLASS, BJP TRAINING PROGRAM
Source link
NEWS


