NEWS

അഭിരാം കൊലക്കേസ്: തെളിവുകളായ ബെല്‍റ്റും മൊബൈല്‍ ഫോണും വസ്ത്രങ്ങളും കണ്ടെടുത്തു

തിരുവനന്തപുരം∙ പാങ്ങപ്പാറ അഭിരാം കൊലപാതക കേസില്‍ അന്വേഷണ സംഘത്തിന് വലിയ വഴിത്തിരിവ്. പ്രതി ഉമറിനെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ വിശദമായ തെളിവെടുപ്പിനൊടുവില്‍, കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ബെല്‍റ്റ്, അഭിരാമിന്റെ മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍ എന്നിവ പൊലീസ് കണ്ടെടുത്തു.

കൃത്യം നടന്ന കാടുപിടിച്ച പ്രദേശത്തിന് തൊട്ടടുത്തുള്ള പുരയിടത്തിലെ കിണറ്റില്‍ നിന്നാണ് നിര്‍ണായകമായ ഈ തെളിവുകള്‍ ലഭിച്ചത്. കല്ലില്‍ കെട്ടി ഭാരപ്പെടുത്തി കിണറ്റിലേക്ക് താഴ്ത്തിയ നിലയിലായിരുന്നു ഇവയെല്ലാം. തുടര്‍ന്ന് കിണറ്റിലെ വെള്ളം വലിയൊരു ഭാഗം വറ്റിച്ച ശേഷം സ്‌കൂബാ ഡൈവര്‍മാരുടെ സഹായത്തോടെയാണ് പൊലീസ് തെളിവുകള്‍ പുറത്തെടുത്തത്.

പ്രതികളുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായതും മൊബൈല്‍ ഫോണും ബെല്‍റ്റും കണ്ടെത്താനാകാത്തതും കേസ് അന്വേഷണത്തിന് വലിയ പ്രതിബന്ധം സൃഷ്ടിച്ചിരുന്നു. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ഉമറിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിന് എത്തിച്ചത്. നേരത്തെ, മൊബൈല്‍ ഫോണുകള്‍ തോട്ടിലെറിഞ്ഞുവെന്നായിരുന്നു പ്രതികള്‍ മൊഴി നല്‍കിയിരുന്നത്. ഇവിടെ വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

Fashion ⏭️

Back to top button