ഡൊണാള്‍ഡ് ട്രംപിന്റെ വീട്ടില്‍ തോക്കുമായി അക്രമി, വെടിവച്ച് കൊലപ്പെടുത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വീട്ടില്‍ തോക്കുമായി എത്തി അക്രമി. ഇയാളെ വെടിവച്ച് കൊലപ്പെടുത്തി. അതേസമയം, ആക്രമിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ട്രംപിന്റെ മാര്‍ എ ലാഗോ വസതിയിലേക്കാണ് അക്രമി എത്തിയത്. ഇയാള്‍ സുരക്ഷാ പരിധി ലംഘിച്ചുവെന്നും തുടര്‍ന്നാണ് വെടിവച്ച് കൊലപ്പെടുത്തിയതെന്നും സുരക്ഷാ ചുമതലയുള്ള സീക്രട്ട് സര്‍വീസ് പ്രതികരിച്ചു. അക്രമി എത്തിയ സമയത്ത് ട്രംപ് വൈറ്റ് ഹൗസില്‍ ആയിരുന്നു.
മാര്‍ എ ലാഗോയുടെ നോര്‍ത്ത് ഗേറ്റ് വഴിയാണ് അക്രമി വീട്ടിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതെന്നും ഇയാളുടെ കൈയില്‍ തോക്കും ഇന്ധനം നിറച്ച ഒരു ക്യാനും ഉണ്ടായിരുന്നുവെന്നും സീക്രട്ട് സര്‍വീസ് പറയുന്നു. ഈ സമയം ഡൊണാള്‍ഡ് ട്രംപ്, ഭാര്യ മെലാനിയ ട്രംപ് എന്നിവര്‍ വൈറ്റ് ഹൗസിലായിരുന്നുവെന്നും സീക്രട്ട് സര്‍വീസ് സ്ഥിരീകരിച്ചു. സമാനമായ രീതിയില്‍ മുമ്പും ട്രംപിനെ ലക്ഷ്യവച്ച് ആക്രമികള്‍ എത്തിയിരുന്നുവെന്നും സീക്രട്ട് സര്‍വീസ് പ്രതികരിച്ചു.
പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് അക്രമി എത്തിയത്. അക്രമിയെ കണ്ടെത്തിയപ്പോള്‍ തന്നെ അയാളുടെ കൈവശമുണ്ടായിരുന്ന തോക്കും ഇന്ധനം നിറച്ച ക്യാനും ഒഴിവാക്കാന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ക്യാന്‍ നിലത്ത് വച്ചതിന് ശേഷം തോക്കെടുത്ത് വെടിവയ്ക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങിയപ്പോഴാണ് ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തതെന്നും സീക്രട്ട് സര്‍വീസ് വ്യക്തമാക്കി. ഇയാളുടെ ലക്ഷ്യമെന്തായിരുന്നു, മാനസിക നില എപ്രകാരമാണ് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Source link



