NEWS

‘വൈര നാമം’ സുരക്ഷിതം: പൊലീസ് റിപ്പോർട്ട് തള്ളി പത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി


തിരുവനന്തപുരം∙ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാവീഴ്ച സംബന്ധിച്ച പൊലീസ് റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണസമിതി. നേരിട്ട് പരിശോധന നടത്തിയെന്നും വിലപിടിപ്പുള്ളതും അമൂല്യവുമായ വസ്തുക്കളൊന്നും ക്ഷേത്രത്തില്‍ നിന്നും നഷ്ടമായിട്ടില്ലെന്നും ക്ഷേത്രഭരണസമിതി അറിയിച്ചു. പൊലീസ് നഷ്ടപ്പെട്ടുവെന്നു പറയുന്ന വൈര നാമവും വിളക്കും ക്ഷേത്രത്തിനുള്ളില്‍ തന്നെ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നുവെന്ന കാര്യം നേരിട്ട് കണ്ട് ബോധ്യപ്പെട്ടെന്നും ഭരണസമിതി അറിയിച്ചു. ബന്ധപ്പെട്ട അധികാരികളെയോ ഭരണസമിതിയെയോ സമീപിക്കാതെയും വ്യക്തമായ അന്വേഷണം നടത്താതെയും റിപ്പോര്‍ട്ട് സമര്‍പ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഭരണസമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിശദമായ പരിശോധനകളുടെയും രേഖകളുടെ അവലോകനത്തിന്റെയും റിപ്പോർട്ട് എക്സിക്യൂട്ടീവ് ഓഫിസര്‍ ഭരണസമിതിക്ക് നല്‍കിയിരുന്നു. സംസ്ഥാന പൊലീസ് മേധാവി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ‘നഷ്ടപ്പെട്ടു’ എന്ന് പരാമര്‍ശിച്ചിരിക്കുന്ന വൈര നാമം ശ്രീകോവിലിനുള്ളില്‍ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, ഭക്തജനങ്ങള്‍ ഭഗവാനു സമര്‍പ്പിച്ചിട്ടുള്ള സ്വര്‍ണ നാണയങ്ങളും സ്വര്‍ണക്കട്ടികളും ഉള്‍പ്പെടെയുളള സമര്‍പ്പണ വസ്തുക്കള്‍ സുരക്ഷിതമായി സംരക്ഷിച്ചുവരുന്നതായും ഇതു സംബന്ധിച്ച കൃത്യമായ കണക്കുകള്‍ ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. സമയാസമയങ്ങളില്‍ ഇവ ഓഡിറ്റിന് വിധേയമാക്കിയിട്ടുണ്ട്.


Source link

Back to top button