യുഎസ് വീസയ്ക്കായി വ്യാജ കവർച്ചാ നാടകം: ഇന്ത്യക്കാരന് തടവും നാടുകടത്തലും

ന്യൂയോർക്ക് ∙ അമേരിക്കയിൽ നിയമപരമായ താമസം ലക്ഷ്യമാക്കി എത്തിയ വിദേശികളെ കബളിപ്പിച്ച് ‘യു വീസ’ (U-Visa) സംഘടിപ്പിക്കാൻ ശ്രമിച്ച വൻ ക്രമക്കേടിൽ, കേസിലെ മുഖ്യ സൂത്രധാരന് പത്തു വർഷം കഠിനതടവ് വിധിച്ചു. ഒപ്പം, ഈ കുറ്റകൃത്യത്തിൽ പങ്കാളികളായ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് അഞ്ചു വർഷം വീതവും കോടതി തടവുശിക്ഷ നൽകി.
ലൂസിയാനയിലെ ഓക്ഡെയിലിൽ താമസിച്ചിരുന്ന ഗുജറാത്ത് സ്വദേശി ചന്ദ്രകാന്ത് ലാലാ പട്ടേൽ (40) ആണ് ഈ കേസിൽ ശിക്ഷിക്കപ്പെട്ട പ്രധാന പ്രതി. തനിക്കെതിരെയുള്ള കുറ്റങ്ങൾ കഴിഞ്ഞ മെയ് 28-ന് ഇയാൾ കോടതിയിൽ സമ്മതിച്ചിരുന്നു. ശിക്ഷാകാലാവധി പൂർത്തിയാക്കിയ ശേഷം ചന്ദ്രകാന്തിനെ അമേരിക്കയിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ഇരകളാവുകയും, അന്വേഷണങ്ങളിലും നിയമ നടപടികളിലും അധികൃതരുമായി സഹകരിക്കുകയും ചെയ്യുന്ന വിദേശ പൗരന്മാർക്ക് നിയമപരമായ കുടിയേറ്റ പദവി ലഭ്യമാക്കുന്നതിനായുള്ള പ്രത്യേക സംവിധാനമാണ് യു വീസ. എന്നാൽ, യഥാർത്ഥത്തിൽ ഇത്തരം അതിക്രമങ്ങൾക്കൊന്നും ഇരയാകാത്ത വ്യക്തികളെ വ്യാജ പോലീസ് റിപ്പോർട്ടുകൾ ചമച്ച് ഇരകളായി ചിത്രീകരിക്കാനാണ് സംഘം ശ്രമിച്ചത്. ഈ വഴിവിട്ട നടപടിയിലൂടെ കുടിയേറ്റ ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചതാണ് കേസിന് ആധാരം.




