ഇഷ അംബാനിയുടെ ഗൗണിൽ 190 കാരറ്റ് വജ്രങ്ങൾ; നിത അംബാനിയുടെ ശേഖരത്തിൽ നിന്ന് പതിപ്പിച്ചത്

ദോഹയിൽ അരങ്ങേറിയ എട്ടാമത് ‘ഫാഷൻ ട്രസ്റ്റ് അറേബ്യ പ്രൈസ്’ നിശ ഇത്തവണ താരസാന്നിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായി. ഈ ഫാഷൻ മാമാങ്കത്തിൽ തിളങ്ങി നിന്നത് ഇഷ അംബാനിയുടെ വ്യത്യസ്തമായ വേഷവിധാനമായിരുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഫാഷൻ ബ്രാൻഡായ ‘സ്റ്റാൻഡിങ് ഗ്രൗണ്ട്’ രൂപകല്പന ചെയ്ത അതിമനോഹരമായ ഗൗൺ അണിഞ്ഞാണ് ഇഷ ചടങ്ങിലെത്തിയത്. പ്രശസ്ത സ്റ്റൈലിസ്റ്റ് ആൻഡ്രൂ മുകാമൽ ആണ് ഇഷയുടെ ഈ ഗംഭീര ലുക്കിന് പിന്നിൽ പ്രവർത്തിച്ചത്.
‘സ്റ്റാൻഡിങ് ഗ്രൗണ്ടി’ന്റെ ഫോൾ 26 കളക്ഷനിൽ ഉൾപ്പെട്ട ഒരു ഡിസൈനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഗൗൺ തുന്നിച്ചേർത്തത്. ചോക്ലേറ്റ്-ബ്രൗൺ നിറത്തിലുള്ള വെൽവെറ്റ് തുണിത്തരത്തിൽ തീർത്ത ഗൗണിനൊപ്പം സമാനമായ കൈയുറകളും താരം കൂട്ടിയിണക്കി. ഈ വസ്ത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ നെഞ്ചുഭാഗത്ത് പതിപ്പിച്ചിരിക്കുന്ന 190 കാരറ്റ് വജ്രങ്ങളാണ്. നീത അംബാനിയുടെ വ്യക്തിഗത ആഭരണ ശേഖരത്തിൽനിന്നും തിരഞ്ഞെടുത്ത വജ്രങ്ങളാണിത്. ഈ ഡിസൈനിലെ പ്രധാന വജ്രത്തിന് മാത്രം 52 കാരറ്റിലധികം ഭാരമുണ്ടെന്ന് പ്രശസ്ത ഫാഷൻ നിരൂപകൻ ജാക്ക് സാവോയി അഭിപ്രായപ്പെടുന്നു. പിയർ, റൗണ്ട്, ഹാർട്ട്, എമറാൾഡ് തുടങ്ങിയ പലവിധ ആകൃതികളിലുള്ള രത്നങ്ങൾ മുത്തുകൾ പോലെ ഗൗണിന്റെ മധ്യഭാഗത്ത് പതിപ്പിച്ചിരിക്കുന്നു.
സ്ട്രാപ്ലെസ് രീതിയിൽ തയ്യാറാക്കിയ ഈ ഗൗൺ കോർസെറ്റ് മാതൃകയിലുള്ള ബോഡിസും, ഒത്ത നടുവിൽ ചുളിവുകളോട് കൂടിയ വെൽവെറ്റ് സ്കർട്ടുമാണ് ഉൾക്കൊള്ളുന്നത്. നീളൻ വെൽവെറ്റ് ഗ്ലൗസുകളും കഴുത്തിൽ അണിഞ്ഞ സ്കാർഫും ഈ വേഷത്തിന് അതീവ ചാരുത നൽകി. വജ്രക്കമ്മലുകൾ മാത്രമായിരുന്നു ആഭരണമായി തിരഞ്ഞെടുത്തത്. വിംഗ്ഡ് ഐലൈനർ, ഗോൾഡൻ ഐ ഷാഡോ, കട്ടിയുള്ള കൺപീലികൾ, കാരമൽ നിറത്തിലുള്ള ഗ്ലോസി ലിപ്സ്റ്റിക്ക് എന്നിവ ഇഷയുടെ മേക്കപ്പിനെ അതീവ സുന്ദരമാക്കി മാറ്റി.




