AUTO

കലാം ഉപയോഗിച്ച ടാറ്റ നാനോ ഇനി ധർമ്മസ്ഥല മ്യൂസിയത്തിൽ

ഇന്ത്യൻ ചരിത്രത്തിൽ എക്കാലവും തിളങ്ങിനിൽക്കുന്ന ജനകീയനായ ഭരണാധികാരിയായിരുന്നു എ.പി.ജെ. അബ്ദുൾ കലാം. ‘മിസൈൽ മാൻ’ എന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദേഹം, ബഹിരാകാശ ഗവേഷണ രംഗത്തും രാഷ്ട്രപതി എന്ന നിലയിലും നൽകിയ അതുല്യമായ സംഭാവനകളിലൂടെയാണ് ലോകമെമ്പാടും ആദരിക്കപ്പെട്ടത്. ഏവർക്കും പ്രിയങ്കരനായ വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. അറിവിന്റെ പ്രസരണത്തിനും രാജ്യത്തിന്റെ സമഗ്ര പുരോഗതിക്കും ഒപ്പം യുവതലമുണിക്ക് ദിശാബോധം നൽകുന്നതിനും അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു. അധികാരത്തിന്റെ തിളക്കങ്ങൾക്കിടയിലും അത്യന്തം ലാളിത്യം കാത്തുസൂക്ഷിച്ച അദ്ദേഹം, വളരെ പരിമിതമായ സ്വത്തുക്കൾ മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഇതിനു തെളിവായി, അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു ടാറ്റ നാനോ കാർ അടുത്തിടെ എ.പി.ജെ. അബ്ദുൾ കലാം ഫൗണ്ടേഷൻ ധർമ്മസ്ഥലയിലെ മ്യൂസിയത്തിന് കൈമാറുകയുണ്ടായി. കാറും അതിനുതകുന്ന രേഖകളും ധർമ്മാധികാരി ഡി. വീരേന്ദ്ര ഹെഗ്‌ഡെയ്ക്ക് സമ്മാനിച്ചു.

“ഇതൊരു സാധാരണ വാഹനമല്ല, മറിച്ച് രാജ്യത്തിന്റെ അഭിമാനമായ ഒരു മഹത്‌വ്യക്തിയുടെ ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ത്യയുടെ ഈ അനർഘമായ പൈതൃകം മഞ്ജുഷ മ്യൂസിയത്തിന്റെ ഭാഗമാക്കാൻ സാധിച്ചതിൽ വലിയ അഭിമാനമുണ്ട്. വരുംതലമുറയ്ക്ക് പ്രചോദനമേകുന്ന ഒരു ചരിത്രരേഖയായി ഇത് ഇവിടെ നിലനിൽക്കും,” എന്ന് വീരേന്ദ്ര ഹെഗ്‌ഡെ സോഷ്യൽ മീഡിയയിൽ കുറിക്കുകയുണ്ടായി.

ലോകത്തിലെ ഏറ്റവും ചെലവുകുറഞ്ഞ കാർ എന്ന ഖ്യാതിയോടെയാണ് ടാറ്റ നാനോ വിപണിയിലെത്തിയത്. അന്തരിച്ച വ്യവസായി രത്തൻ ടാറ്റയുടെ സ്വപ്നപദ്ധതിയായിരുന്നു ഇത്. മഴയത്തും അപകടകരമായ സാഹചര്യങ്ങളിലും ഇരുചക്ര വാഹനങ്ങളിൽ കുടുംബമായി യാത്ര ചെയ്യുന്ന സാധാരണക്കാരെ കണ്ടപ്പോൾ, അവർക്കും സുരക്ഷിതമായി യാത്ര ചെയ്യാനൊരു വാഹനം വേണമെന്ന ചിന്തയിൽ നിന്നാണ് ഇതിന്റെ പിറവി. എന്നാൽ, ‘ഏറ്റവും വിലകുറഞ്ഞ കാർ’ എന്ന വിശേഷണം വിപണിയിൽ തിരിച്ചടിയാവുകയും വിൽപ്പന കുറയുകയും ചെയ്തു. സാങ്കേതികമായി ലളിതവും 624 സിസി എൻജിൻ കരുത്തുമുള്ള നാനോ കാർ അബ്ദുൾ കലാം ഉപയോഗിച്ചിരുന്നു എന്നത് അദ്ദേഹത്തിന്റെ ലാളിത്യത്തിന് മറ്റൊരു തെളിവാണ്. സാധാരണക്കാർ ഉപയോഗിക്കുന്ന വാഹനം രാജ്യത്തിന്റെ രാഷ്ട്രപതിയും ഉപയോഗിക്കുന്നു എന്നത് അത്ഭുതകരമായ ഒന്നാണ്.

1989-ൽ ഡോ. ഡി. വീരേന്ദ്ര ഹെഗ്‌ഡെ സ്ഥാപിച്ചതാണ് ധർമ്മസ്ഥലയിലെ മഞ്ജുഷ മ്യൂസിയം. അപൂർവ്വങ്ങളായ പുരാവസ്തുക്കൾ, ശിൽപങ്ങൾ, ചരിത്രപരമായ രേഖകൾ, നാണയങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം ഇവിടെ കാണാം. എ.പി.ജെ. അബ്ദുൾ കലാം ഇന്ത്യൻ ചരിത്രത്തിന്റെ അഭിവാജ്യഘടകമായതുകൊണ്ടുതന്നെ, അദ്ദേഹത്തിന്റെ സ്മരണകൾ നിലനിർത്താൻ മ്യൂസിയം അധികൃതർ ഈ വാഹനം ഏറ്റെടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മൂല്യങ്ങളും ജീവിതശൈലിയും വരുംകാല തലമുറയ്ക്ക് പകർന്നുനൽകാൻ ഇത്തരം വസ്തുക്കൾ വലിയ പങ്ക് വഹിക്കുന്നു.

Sports ⏭️

Back to top button