ആറ്റുകാൽ പൊങ്കാല: ഇരുമ്പ് അടുപ്പ് വിതരണത്തിലെ അഴിമതിയാരോപണങ്ങൾ അന്വേഷണത്തിലേക്ക്

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതിയെ സംബന്ധിച്ച കാര്യങ്ങളിൽ ഇടപെടുന്നത് ഗൗരവത്തോടെ കാണണമെന്ന മുന്നറിയിപ്പുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ് രംഗത്ത്. നഗരത്തിലെ വെള്ളക്കെട്ട് വിഷയവുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം വിവാദ പരാമർശങ്ങൾ നടത്തിയത്.
ഓരോ ക്ഷേത്രങ്ങൾക്കും കൃത്യമായ ആചാരനുഷ്ഠാനങ്ങളുണ്ട്. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട ആചാരപ്രകാരം മണ്ണുകൊണ്ട് നിർമ്മിച്ച അടുപ്പിലും ചുടുകല്ലുകളിലുമാണ് നിവേദ്യം തയ്യാറാക്കുന്നത്. ഈ കീഴ്വഴക്കങ്ങളെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് വി. ജോയ് ആരോപിച്ചു. ഇതിനു പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 275 രൂപ വിലമതിക്കുന്ന ഇരുമ്പ് അടുപ്പുകൾ പ്രചരിപ്പിക്കുന്നതിലൂടെ ലക്ഷക്കണക്കിന് ഭക്തരെ ഉപയോഗിച്ച് 120 കോടി രൂപയുടെ കച്ചവടം ഉറപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.




