ടങ് ടൈ: കുഞ്ഞുങ്ങളിലും മുതിർന്നവരിലും കണ്ടുവരുന്ന ലക്ഷണങ്ങളും പരിഹാരങ്ങളും

നവജാത ശിശുക്കൾ മുലപ്പാൽ കുടിക്കുമ്പോൾ ഇടയ്ക്കിടെ നിർത്തിവെക്കുന്നതും, ശരിയായ രീതിയിൽ പാൽ വലിച്ചുകുടിക്കാൻ സാധിക്കാത്തതും, അമ്മയ്ക്ക് മുലയൂട്ടുന്ന വേളയിൽ അസഹനീയമായ വേദന അനുഭവപ്പെടുന്നതും പലപ്പോഴും ശ്രദ്ധയിൽപ്പെടാറുണ്ട്. അതുപോലെ, കുട്ടികൾ വളർന്നു വരുമ്പോൾ ചില വാക്കുകൾ വ്യക്തമായി ഉച്ചരിക്കുന്നതിൽ തടസ്സം നേരിടുന്നതും കാണാം. നാക്കിന്റെ അടിഭാഗത്തെയും വായുടെ അടിത്തട്ടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന നേർത്ത ചർമപാളിയുടെ പ്രത്യേകതയാണ് പലപ്പോഴും ഇത്തരം പ്രയാസങ്ങൾക്ക് കാരണമാകുന്നത്. ‘ടങ് ടൈ’ അഥവാ അങ്കിലോ ഗ്ലോസിയ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.
സാധാരണഗതിയിൽ, നാക്കിന് സ്വതന്ത്രമായി ചലിക്കാൻ ആവശ്യമായ നീളവും അയവും ഈ ചർമബന്ധത്തിനുണ്ടായിരിക്കും. എന്നാൽ ചിലരിലെങ്കിലും ഈ ചർമപാളി അമിതമായി ചെറുതാകുകയോ കട്ടിയേറിയതായി കാണപ്പെടുകയോ ചെയ്യുന്നു. ഇത് നാക്കിന്റെ ചലനശേഷിയെ പരിമിതപ്പെടുത്തുന്നു. ജനനം മുതൽ തന്നെ പ്രകടമാകുന്ന ഈ അവസ്ഥ കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കണ്ടുവരാം. എങ്കിലും, നാക്കിനടിയിൽ ഇത്തരം ചർമബന്ധം ഉണ്ടെന്നതുകൊണ്ട് മാത്രം എല്ലാവർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകണമെന്നില്ല. നാക്കിന്റെ ചലനത്തെ ഈ അവസ്ഥ എത്രത്തോളം ദോഷകരമായി ബാധിക്കുന്നു എന്നതാണ് ചികിത്സ തീരുമാനിക്കുന്നതിലെ നിർണായക ഘടകം.
ടങ് ടൈ എങ്ങനെ തിരിച്ചറിയാം?
നാക്കിനടിയിലെ ചർമബന്ധം അമിതമായി ഇറുകിയിട്ടുണ്ടെങ്കിൽ താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെടാം:
കുഞ്ഞുങ്ങളിൽ:
- മുലപ്പാൽ വായിലെടുത്ത് കൃത്യമായി വലിച്ചുകുടിക്കാൻ സാധിക്കാതെ വരിക.
- പാൽ കുടിക്കുന്നതിനിടയിൽ ഇടയ്ക്കിടെ അസ്വസ്ഥത പ്രകടിപ്പിക്കുകയോ നിർത്തുകയോ ചെയ്യുക.
- പാൽ ലഭ്യതയിലെ കുറവുമൂലം കുഞ്ഞിന്റെ ശരീരഭാരം ശരിയായ തോതിൽ വർധിക്കാതിരിക്കുക.
- മുലയൂട്ടുന്ന സമയത്ത് അമ്മയുടെ മുലക്കണ്ണിൽ വേദനയോ മുറിവുകളോ അനുഭവപ്പെടുക.
മുതിർന്നവരിൽ:
- നാക്ക് വായ്ക്ക് പുറത്തേക്ക് പൂർണമായി നീട്ടാൻ കഴിയാത്ത അവസ്ഥ.
- നാക്കിന്റെ അഗ്രഭാഗം മേൽത്താടിയുടെ മുൻപല്ലുകൾക്ക് പിന്നിലേക്ക് ഉയർത്താൻ പ്രയാസം അനുഭവപ്പെടുക.
- ചുണ്ടുകൾ നക്കുക, വായിൽ അവശേഷിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ നീക്കം ചെയ്യുക തുടങ്ങിയ നിത്യജീവിതത്തിലെ പ്രവൃത്തികൾക്ക് ബുദ്ധിമുട്ട് നേരിടുക.
- ചില അക്ഷരങ്ങളും ശബ്ദങ്ങളും വ്യക്തമായി ഉച്ചരിക്കാൻ സാധിക്കാത്ത അവസ്ഥ.
ഈ ലക്ഷണങ്ങൾ കണ്ടതുകൊണ്ട് മാത്രം ടങ് ടൈ ആണ് കാരണമെന്ന് സ്വയം ഉറപ്പിക്കരുത്. മുലയൂട്ടലിലെ പോരായ്മകൾക്കും സംസാരവൈകല്യങ്ങൾക്കും മറ്റ് ആരോഗ്യകാരണങ്ങളും ഉണ്ടായേക്കാം. അതിനാൽ, വിദഗ്ധനായ ഒരു ഡോക്ടറുടെ പരിശോധനയിലൂടെ മാത്രമേ കൃത്യമായ രോഗനിർണയം സാധ്യമാകൂ.
എല്ലാവർക്കും ശസ്ത്രക്രിയ ആവശ്യമുണ്ടോ?
തീർച്ചയായും ഇല്ല. ടങ് ടൈ ഉള്ള എല്ലാവർക്കും ശസ്ത്രക്രിയ നിർബന്ധമല്ല. നാക്കിന്റെ ചലനത്തിന് കാര്യമായ തടസ്സമില്ലാത്തവർക്ക് ചികിത്സയുടെ ആവശ്യമില്ല. കുഞ്ഞുങ്ങളിൽ മുലയൂട്ടൽ പ്രശ്നങ്ങൾ കാണുമ്പോൾ ആദ്യം മുലയൂട്ടുന്ന രീതിയും കുഞ്ഞിന് ആവശ്യത്തിന് പാൽ ലഭിക്കുന്നുണ്ടോ എന്നും പരിശോധിക്കണം. ആവശ്യമായ പിന്തുണ നൽകിയിട്ടും പ്രശ്നം തുടരുകയും നാക്കിന്റെ ചലനക്കുറവാണ് യഥാർത്ഥ കാരണമെന്ന് ബോധ്യപ്പെടുകയും ചെയ്താൽ മാത്രം ശസ്ത്രക്രിയയെക്കുറിച്ച് ആലോചിക്കാം. സംസാരശേഷിയിലെ തടസ്സങ്ങൾക്ക് സ്പീച്ച് തെറാപ്പിസ്റ്റിന്റെ നിർദേശങ്ങളും തേടാവുന്നതാണ്.
എന്താണ് ശസ്ത്രക്രിയാരീതികൾ?
നാക്കിന്റെ ചലനത്തെ തടസ്സപ്പെടുത്തുന്ന ചർമബന്ധം മുറിച്ചുമാറ്റുകയോ തിരുത്തുകയോ ചെയ്യുന്ന ലളിതമായ ചികിത്സയാണിത്. രോഗിയുടെ പ്രായം, ചർമബന്ധത്തിന്റെ കട്ടി, ബുദ്ധിമുട്ടിന്റെ തീവ്രത എന്നിവ കണക്കിലെടുത്താണ് ചികിത്സാരീതി നിശ്ചയിക്കുന്നത്:
1. ഫ്രെനോട്ടമി: കുഞ്ഞുങ്ങളിൽ ഏറ്റവും സാധാരണയായി കണ്ടുവരുന്ന ലളിതമായ ശസ്ത്രക്രിയയാണിത്. നാക്കിനടിയിലെ ഇറുകിയ ചർമബന്ധത്തിൽ ചെറിയൊരു മുറിവുണ്ടാക്കി അതിന്റെ വലിവ് കുറയ്ക്കുന്നു. ഇതിനായി ലേസറോ പ്രത്യേക ശസ്ത്രക്രിയാ കത്രികയോ ഉപയോഗിക്കാം. മുറിവ് വളരെ ചെറിയതായതിനാൽ തുന്നലുകൾ മിക്കവാറും ആവശ്യമായി വരാറില്ല.
2. ഫ്രെനുലോപ്ലാസ്റ്റി: ചർമബന്ധം കൂടുതൽ കട്ടിയുള്ളതോ സങ്കീർണമോ ആണെങ്കിൽ ഈ രീതി അവലംബിക്കുന്നു. കൂടുതൽ വ്യക്തതയോടെ ചർമബന്ധം മുറിച്ചുമാറ്റി നാക്കിന്റെ ചലനസ്വാതന്ത്ര്യം ഉറപ്പാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ചിലപ്പോൾ മുറിവ് തുന്നിച്ചേർക്കേണ്ടി വരാറുണ്ട്.
ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ശ്രദ്ധ
ഡോക്ടറുടെ നിർദേശപ്രകാരമുള്ള തുടർപരിചരണം വളരെ പ്രധാനമാണ്. മുലയൂട്ടൽ കുഞ്ഞുങ്ങളിൽ തുടരാവുന്നതാണ്. വായുടെ ശുചിത്വം കൃത്യമായി പാലിക്കുകയും അണുബാധ ഒഴിവാക്കാൻ ശ്രദ്ധിക്കുകയും വേണം. നാക്കിന്റെ ചലനശേഷി കൂട്ടാൻ ആവശ്യമായ വ്യായാമങ്ങൾ ഡോക്ടർ നിർദേശിച്ചാൽ മാത്രം ചെയ്യുക. ഇത്തരം വ്യായാമങ്ങളെക്കുറിച്ച് ആവശ്യമായ ശാസ്ത്രീയ തെളിവുകൾ ഇല്ലാത്തതിനാൽ സ്വന്തം നിലയ്ക്ക് പരീക്ഷിക്കരുത്. നിശ്ചിത സമയ ഇടവേളകളിൽ ഡോക്ടറെ കണ്ട് പുരോഗതി വിലയിരുത്തേണ്ടതുണ്ട്.
സങ്കീർണതകൾ ഉണ്ടോ?
ടങ് ടൈ ശസ്ത്രക്രിയ പൊതുവെ സുരക്ഷിതമാണ്. എങ്കിലും ചെറിയ രീതിയിലുള്ള രക്തസ്രാവം, വേദന, അണുബാധ എന്നിവ അപൂർവമായി സംഭവിക്കാം. ശസ്ത്രക്രിയയ്ക്കുശേഷം അമിതമായ രക്തസ്രാവം, പനി, കഠിനമായ വേദന, കുഞ്ഞിന് പാൽ കുടിക്കാൻ കഴിയാത്ത അവസ്ഥ, ശ്വസനപ്രയാസം എന്നിവയുണ്ടെങ്കിൽ അടിയന്തരമായി വൈദ്യസഹായം തേടണം.
നാക്കിന്റെ അടിയിൽ ചർമബന്ധം കാണപ്പെടുന്നത് മാത്രം ഒരു രോഗമായി കണക്കാക്കരുത്. അത് ദൈനംദിന ജീവിതത്തെയും ആഹാരരീതിയെയും ബാധിക്കുമ്പോൾ മാത്രം ചികിത്സ തേടുക.
നിരാകരണം: ഈ വിവരങ്ങൾ പൊതുവായ അറിവിലേക്കായി നൽകിയിട്ടുള്ളതാണ്. ഏതെങ്കിലും വിധത്തിലുള്ള ചികിത്സയ്ക്കും രോഗനിർണയത്തിനും യോഗ്യതയുള്ള ഡോക്ടറുടെ സേവനം ലഭ്യമാക്കുക.




