ട്രംപിന്റെ ഓപറേഷൻ ഹുവാങ്: എൻവിഡിയ പിന്തുണയിൽ ഇന്ത്യയിൽ 4000 സ്റ്റാർട്ടപ്പുകൾ, 46,000 കോടി നിക്ഷേപം

കൊച്ചി∙ നിർമിതബുദ്ധി അഥവാ എഐ (AI) മേഖലയിലെ ആഗോള ഭീമനായ എൻവിഡിയയുടെ സാരഥിയായി ജെൻസൻ ഹുവാങ് വീണ്ടുമെത്തിയത് ഇന്ത്യയുടെ സാങ്കേതിക കുതിപ്പിന് വലിയ ഊർജമാണ് പകരുന്നത്. രാജ്യത്തിന്റെ എഐ വികസന മുന്നേറ്റങ്ങളിൽ എൻവിഡിയ വഹിക്കുന്ന പങ്ക് നിർണായകമാണ്. ഈ സ്വപ്ന പദ്ധതികൾക്ക് തുടക്കം കുറിച്ചതും മുന്നോട്ട് നയിക്കുന്നതും ഹുവാങ് തന്നെയാണ്. സ്റ്റാർട്ടപ്പുകൾ, ഡേറ്റാ സെന്ററുകൾ, ഐടി സേവന രംഗം, വിവിധ എഐ മോഡൽ നിർമാതാക്കൾ എന്നിവർക്കൊപ്പം വർഷങ്ങളായി എൻവിഡിയ ശക്തമായ സഹകരണവും നിക്ഷേപവുമാണ് തുടരുന്നത്.
ഇന്ത്യയുടെ ക്ലൗഡ് സാങ്കേതികവിദ്യയുടെ കരുത്ത് വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, എൻവിഡിയയുടെ ജിപിയു അധിഷ്ഠിത എഐ ഡേറ്റാ സെന്ററുകൾക്കായി ഏകദേശം 46,000 കോടി രൂപയുടെ നിക്ഷേപമാണ് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. ഹുവാങ്ങിന്റെ മേൽനോട്ടത്തിൽ നടന്ന ചർച്ചകളിലൂടെയാണ് ഈ വലിയ നാഴികക്കല്ലുകൾ സാധ്യമായത്. ഇന്ത്യയുടെ തനതായ എഐ മോഡലുകൾ, ഡെവലപ്പർ സമൂഹം, ക്ലൗഡ് കംപ്യൂട്ടിങ് എന്നിവയ്ക്ക് ഊന്നൽ നൽകുന്ന നിലപാടാണ് ഹുവാങ് സ്വീകരിക്കുന്നത്.
എൻവിഡിയയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന 4000-ത്തോളം സ്റ്റാർട്ടപ്പുകൾ ഇന്ത്യയിലുണ്ട്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സർവം എഐ (Sarvam AI) എന്ന കമ്പനിയിൽ എൻവിഡിയ നേരിട്ട് നിക്ഷേപം നടത്തിയിട്ടുമുണ്ട്. കൂടാതെ, എൻവിഡിയ ഇൻസെപ്ഷൻ പദ്ധതി വഴി നാലായിരത്തിലേറെ ഇന്ത്യൻ എഐ സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ സഹായങ്ങളും കമ്പനി നൽകുന്നുണ്ട്.
∙ 46,000 കോടി രൂപ: സ്റ്റാർട്ടപ്പുകൾക്കും പ്രമുഖ എഐ കമ്പനികൾക്കും എൻവിഡിയ ജിപിയു അധിഷ്ഠിത ഇന്ത്യൻ ഡേറ്റാ സെന്ററുകൾക്കായി ലഭിച്ച ഓർഡറുകളുടെ ഏകദേശ തുക.
∙ 25,000 ജിപിയു: ഇന്ത്യ എഐ മിഷന്റെ ഭാഗമായി ക്ലൗഡ് പങ്കാളികൾ മുഖേന ലഭ്യമാക്കിയ എൻവിഡിയയുടെ ആകെ കംപ്യൂട്ടിങ് ശേഷി.
∙ 5,500 ജീവനക്കാർ: ഇന്ത്യയിലെ നാല് പ്രധാന എൻജിനീയറിങ് കേന്ദ്രങ്ങളിലായി സേവനമനുഷ്ഠിക്കുന്ന എൻവിഡിയയുടെ ഏകദേശ ജീവനക്കാരുടെ എണ്ണം.




