SPORTS
ടി20 ക്രിക്കറ്റ് ചരിത്രം തിരുത്തി; വൈഭവിനെ പിന്തള്ളി പുതിയ റെക്കോർഡ് നേട്ടം

ഇൻഡോർ ∙ റൈസിങ് സ്റ്റാർസ് ഏഷ്യാകപ്പിൽ വൈഭവ് സൂര്യവംശി തന്റെ ബാറ്റിങ് മികവിലൂടെ ശ്രദ്ധാകേന്ദ്രമായപ്പോൾ, ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ മറ്റൊരു യുവതാരത്തിന്റെ മിന്നുന്ന പ്രകടനമാണ് ഇപ്പോൾ കായികലോകത്തെ അമ്പരപ്പിക്കുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഡൽഹിയുടെ നായകനായ പ്രിയാംശ് ആര്യ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് തമിഴ്നാടിനെതിരെ ടീമിന് 116 റൺസിന്റെ വമ്പൻ വിജയം സമ്മാനിച്ചത്. മത്സരത്തിൽ തകർപ്പൻ ഫോമിലായിരുന്ന പ്രിയാംശ് കേവലം 68 പന്തുകളിൽ നിന്ന് അടിച്ചുകൂട്ടിയത് 181 റൺസാണ്. ഈ അവിശ്വസനീയ പ്രകടനത്തിന്റെ ബലത്തിൽ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 275 റൺസെന്ന കൂറ്റൻ സ്കോറാണ് ഡൽഹി പടുത്തുയർത്തിയത്.




