ഡിസംബർ ഒന്നു മുതൽ ഡ്രൈവിങ് ലൈസൻസ് നേടാൻ മൂന്ന് ടെസ്റ്റുകൾ നിർബന്ധം

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ ഇനി മൂന്ന് പരീക്ഷകൾ പാസായേ തീരൂ. ലേണേഴ്‌സ് ടെസ്റ്റ്, ഗ്രൗണ്ട് & റോഡ് ടെസ്റ്റ് എന്നിവയ്‌ക്കൊപ്പം പുതുതായി ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടി നിർബന്ധമാക്കിയാണ് ഡിസംബർ ഒന്ന് മുതൽ പുതിയ പരിഷ്‌കാരങ്ങൾ നിലവിൽ വരുന്നത്. റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, സുരക്ഷിതമായ ഡ്രൈവിങ് ശീലങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇതുവരെ ലേണേഴ്‌സ് ടെസ്റ്റ് വിജയിച്ച് മുപ്പത് ദിവസത്തിന് ശേഷം നേരിട്ട് ഗ്രൗണ്ട് ടെസ്റ്റിന് അപേക്ഷിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഇനി ആ രീതിയിൽ മാറ്റം വരികയാണ്. ഡ്രൈവിങ് പരിശീലനത്തിലും പരിശോധനാ രീതികളിലും വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമായി, 2026 ഡിസംബർ ഒന്നുമുതൽ നിലവിലുള്ള പാർട്ട് 1 (ഗ്രൗണ്ട് ടെസ്റ്റ്), പാർട്ട് 2 (റോഡ് ടെസ്റ്റ്) എന്നിവയ്ക്ക് മുൻപായി ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടി കടമ്പയായി മാറും.
എന്താണ് ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് എന്ന് പലർക്കും സംശയമുണ്ടാകാം. റോഡുകളിൽ വാഹനമോടിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളും പ്രതിസന്ധികളും മുൻകൂട്ടി തിരിച്ചറിഞ്ഞ്, അതിനനുസരിച്ച് വാഹനം നിയന്ത്രിക്കാൻ ഡ്രൈവർക്ക് എത്രത്തോളം കഴിവുണ്ടെന്ന് പരിശോധിക്കുന്നതാണ് ഈ പരീക്ഷ. ഓൺലൈൻ വഴിയായിരിക്കും ഈ പരീക്ഷ നടക്കുക. ലേണേഴ്‌സ് ടെസ്റ്റ് പാസായ ശേഷം മുപ്പത് ദിവസത്തെ ഇടവേള കഴിഞ്ഞ് അപേക്ഷകർക്ക് ഈ ടെസ്റ്റിൽ പങ്കുചേരാവുന്നതാണ്.
പരീക്ഷാ രീതി ഇങ്ങനെയാണ്: വിവിധ തരം അപകടസാധ്യതകൾ നിറഞ്ഞ പത്ത് വിഡിയോകൾ അപേക്ഷകരെ കാണിക്കും. ഇതിൽ ഓരോ വീഡിയോയിലും കാണുന്ന അപകട സൂചനകൾ കൃത്യമായി മാർക്ക് ചെയ്യുകയാണ് വേണ്ടത്. ആകെ സ്കോറിന്റെ 60 ശതമാനം മാർക്ക് നേടുന്നവർക്ക് മാത്രമേ വിജയിക്കാൻ കഴിയൂ. ഈ ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് വിജയിക്കുന്നവർക്ക് മാത്രമായിരിക്കും തുടർന്ന് പാർട്ട് 1, പാർട്ട് 2 ടെസ്റ്റുകളിൽ പങ്കെടുക്കാൻ അർഹതയുണ്ടാകുക.




